BIJU|
Last Modified ചൊവ്വ, 11 ഡിസംബര്‍ 2018 (17:31 IST)
ദി കിംഗ് എന്ന സിനിമ മറക്കാന്‍ കഴിയുമോ മലയാളികള്‍ക്ക്? ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീമിന്‍റെ ആ സിനിമ സൃഷ്ടിച്ച ഇടിമുഴക്കം ഇനിയും മാറിയിട്ടില്ല.
ദി കിംഗ് എന്ന് ചിത്രത്തിന് പേരിട്ടപ്പോള്‍ വമ്പന്‍ പ്രതികരണമാണ് അന്ന് മമ്മൂട്ടിയുടെ ആരാധകരുടെയും പ്രേക്ഷകരുടെയും ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍ ആ പേരിനെപ്പറ്റി മമ്മൂട്ടിക്ക് ആദ്യം ഒരു അഭിപ്രായവ്യത്യാസമൊക്കെ ഉണ്ടായിരുന്നുവത്രേ. മറ്റുചിലരും ആ പേര് ഇടണോ എന്ന രീതിയില്‍ സംശയം പ്രകടിപ്പിച്ചു. പിന്നീട് കിംഗ് എന്ന് പേരുമാറ്റി ‘ക്ഷത്രിയം’ എന്ന് പേരിട്ടു. ചിത്രീകരണം നടക്കുമ്പോള്‍ ക്ഷത്രിയം എന്നായിരുന്നു പേര്. എന്നാല്‍ ദി കിംഗ് എന്ന പേരുതന്നെയാണ് ഈ ചിത്രത്തിന് വേണ്ടതെന്ന രീതിയില്‍ മമ്മൂട്ടി ആരാധകരുടെ ഭാഗത്തുനിന്ന് അഭ്യര്‍ത്ഥനയുണ്ടായി.
ഷാജി കൈലാസിനും രണ്‍ജി പണിക്കര്‍ക്കും ‘ദി കിംഗ്’ എന്നുതന്നെ ഈ സിനിമയ്ക്ക് പേരിട്ടാല്‍ നന്നായിരിക്കും എന്ന അഭിപ്രായമായിരുന്നു. ഒടുവില്‍ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ ക്ഷത്രിയം എന്ന പേര് വേണ്ടെന്നുവച്ച് ദി കിംഗ് എന്നുതന്നെ നാമകരണം ചെയ്തു.
"ജോസഫ് അലക്സിനെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയല്ലാതെ മറ്റൊരു നടനില്ല. നമ്മള്‍ എഴുതി വയ്ക്കുന്നതിന്‍റെ ആയിരം മടങ്ങ് ധ്വനിയോടെ ആ സംഭാഷണങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു നടനെ ലഭിക്കുക ഏറ്റവും വലിയ ഭാഗ്യമാണ്. ജോസഫ് അലക്സാകാന്‍ മമ്മൂട്ടിയെ അല്ലാതെ മറ്റൊരു നടനെ ചിന്തിക്കാനാകില്ല. അത് അദ്ദേഹം മെഗാസ്റ്റാര്‍ ആയതുകൊണ്ടല്ല. ആ കഥാപാത്രത്തെ അവതരിപ്പാനുള്ള മമ്മൂട്ടി എന്ന നടന്‍റെ ചുമലുകളുടെ കരുത്ത് മനസിലായതുകൊണ്ടാണ്" - ഒരു ടോക് ഷോയില്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.
പിന്നീട് കിംഗ് ആന്‍റ് കമ്മീഷണര്‍ എന്ന സിനിമയെടുക്കുമ്പോള്‍ മമ്മൂട്ടിക്കൊപ്പം സുരേഷ്ഗോപിയും നായകനായിരുന്നു. അപ്പോള്‍ മമ്മൂട്ടി ഷാജി കൈലാസിനെ വിളിച്ചുപറഞ്ഞത്രേ - “ഷാജീ, നെടുങ്കന്‍ ഡയലോഗുകള്‍ ഒന്നും എനിക്കുവേണ്ട, എല്ലാം സുരേഷിന് കൊടുത്തേക്കൂ” എന്ന്. എന്നാല്‍ കിംഗ് ആന്‍റ് കമ്മീഷണര്‍ പരാജയമായി മാറി.