രേണുക വേണു|
Last Modified വെള്ളി, 24 ഡിസംബര്‍ 2021 (09:49 IST)
കമല്ഹാസന്, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍താരങ്ങളുടെയെല്ലാം സിനിമാ മോഹം പൂവണിയിച്ച സംവിധായകനാണ് കെ.എസ്.സേതുമാധവന്. മലയാള സിനിമയുടെ കാരണവര്‍ സേതുമാധവന് തന്റെ 90-ാം വയസ്സില്‍ അരങ്ങൊഴിയുമ്പോള്‍ മലയാള സിനിമ അദ്ദേഹത്തോട് എത്രകണ്ട് കടപ്പെട്ടിരിക്കുന്നു എന്നത് വിവരണാതീതം. സിനിമയെ മാത്രം മനസ്സില്‍ താലോലിച്ച മുഹമ്മദ് കുട്ടി എന്ന കോളേജ് വിദ്യാര്‍ഥിക്ക് തന്റെ സിനിമയില്‍ സേതുമാധവന് അഭിനയിക്കാന്‍ അവസരം നല്‍കിയത് മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്. അവിടെ നിന്നാണ് മുഹമ്മദ് കുട്ടി മമ്മൂട്ടിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.
പി.ഐ.മുഹമ്മദ് കുട്ടിയെന്ന പൊടിമീശക്കാരന് 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയില്‍ മുഖം കാണിച്ചു. മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു അന്ന് മുഹമ്മദ് കുട്ടി. മനസില്‍ നിറയെ സിനിമയുമായി നടക്കുന്ന ചെറുപ്പക്കാരന്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷമാണ് മമ്മൂട്ടിക്ക് ലഭിച്ചത്. രണ്ട് ചെറിയ ഷോട്ടുകളില്‍ മാത്രമാണ് മമ്മൂട്ടി അഭിനയിച്ചത്. അന്നത്തെ സൂപ്പര്‍താരം സത്യന് ആയിരുന്നു അനുഭവങ്ങള്‍ പാളിച്ചകളിലെ നടന്. സത്യന്റെ അവസാന സിനിമകളിലൊന്ന് കൂടിയായിരുന്നു അത്. സത്യന്റെ അവസാന ചിത്രങ്ങളിലൊന്ന് തന്നെ മമ്മൂട്ടിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റമായത് കാലത്തിന്റെ കാവ്യനീതി.
കെ.എസ്.സേതുമാധവനാണ് അനുഭവങ്ങള്‍ പാളിച്ചകള്‍ സംവിധാനം ചെയ്തത്. കോളേജില്‍ നിന്ന് ക്ലാസ് കട്ട് ചെയ്ത് ഷൂട്ടിങ് കാണാന്‍ എത്തിയ മുഹമ്മദ് കുട്ടി സംവിധായകന് സേതുമാധവന്റെ പിന്നാലെ നടന്ന് ചാന്‍സിനായി കെഞ്ചി. 'സാര്‍ എനിക്കൊരു റോള്‍ തരുമോ' എന്ന് സേതുമാധവനോട് ഒന്നിലേറെ തവണ താന്‍ ആവശ്യപ്പെട്ടുവെന്ന് മമ്മൂട്ടി തന്നെ പില്ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഒടുവില്‍ മുഹമ്മദ് കുട്ടിയെന്ന ആ സിനിമാഭ്രാന്തന് ഒരു അവസരം കൊടുക്കാന്‍ സേതുമാധവന് തീരുമാനിച്ചു. ഊരും പേരുമില്ലാത്ത കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്. ഡയലോഗ് പോലും ഇല്ലായിരുന്നു. സിനിമയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഊരും പേരുമില്ലാത്ത ആ കഥാപാത്രത്തില്‍ നിന്ന് മമ്മൂട്ടിയെന്ന മഹാമേരു അഭിനയത്തിന്റെ ആഴങ്ങളിലേക്ക് വേരിറക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.