രേണുക വേണു|
Last Modified ശനി, 21 ജനുവരി 2023 (12:35 IST)
എറണാകുളം ലോ കോളേജില്‍ നിന്ന് നടി അപര്‍ണ ബാലമുരളിക്ക് ഒരു വിദ്യാര്‍ഥിയില്‍ നിന്ന് നേരിട്ട ദുരനുഭവം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. വേദിയിലേക്ക് കയറിവന്ന വിദ്യാര്‍ഥി അനുവാദം കൂടാതെ അപര്‍ണയുടെ തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയും അപര്‍ണ തട്ടിമാറ്റുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പിന്നീട് കോളേജ് അധികൃതര്‍ ഈ വിദ്യാര്‍ഥിക്കെതിരെ നടപടി സ്വീകരിച്ചു. ഇപ്പോള്‍ ഇതാ സമാനമായ ദുരനുഭവം തനിക്ക് നേരിട്ടതിനെ കുറിച്ച് തുറന്നുപറയുകയാണ് നടി സജിത മഠത്തില്‍.
അറിയപ്പെടുന്ന ഒരു ബുദ്ധിജീവിയില്‍ നിന്നാണ് തനിക്ക് ദുരനുഭവം നേരിട്ടതെന്നും ഇതേ തുടര്‍ന്ന് വലിയ അസ്വസ്ഥത തോന്നിയെന്നും സജിത മഠത്തില്‍ പറയുന്നു. അപര്‍ണയ്ക്ക് ഉണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് തനിക്കുണ്ടായ അനുഭവം സജിത തുറന്നുപറഞ്ഞത്.
സജിതയുടെ വാക്കുകള്‍ ഇങ്ങനെ
ഈ അടുത്ത് ഒരു അറിയപ്പെടുന്ന ബുദ്ധിജീവിയോട് ഒരു പരിപാടിയില്‍ വെച്ച് കുറച്ചുനേരം
സംസാരിച്ചു. അതിനിടയില്‍ ഒരു ഫോട്ടോ എടുത്താലോ എന്നു അയാള്‍ ചോദിക്കുന്നു. ആവാം എന്നു മറുപടി പറയും മുമ്പ് കക്ഷി തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ചു ക്ലിക്കുന്നു. ഒന്നു പ്രതികരിക്കാന്‍ പോലും സമയമില്ല.
തോളില്‍ കയ്യിടാനുള്ള ഒരു സൗഹൃദവും ഞങ്ങള്‍ തമ്മിലില്ല. പിന്നെ അന്നു മുഴുവന്‍ ആ അസ്വസ്ഥത എന്നെ പിന്തുടര്‍ന്നു. അടുത്ത കൂട്ടുകാരോട് പറഞ്ഞ് സങ്കടം തീര്‍ത്തു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള ശരികേട് നമ്മള്‍ എങ്ങിനെയാണ് മനുഷ്യരെ പറഞ്ഞു മനസ്സിലാക്കുക ?
അപര്‍ണ്ണ ബാലമുരളിയുടെ അസ്വസ്ഥമായ മുഖം കണ്ടപ്പോള്‍ ഓര്‍ത്തത്!