റിവ്യൂ ഉപായത്തിലൂടെ പ്രതിമാസം ലക്ഷങ്ങള്‍,വാലിബന്റെ യഥാര്‍ഥ പ്രേക്ഷകരെ അകറ്റി വന്‍ നഷ്ടത്തിന് വഴി വച്ചു,അശ്വന്ത് കോക്കിനെതിരെ സജീവ് പാഴൂര്‍

Aswanth Kok
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 ഫെബ്രുവരി 2024 (09:15 IST)
Aswanth Kok
മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ മലൈക്കോട്ടെ വാലിബന്‍ പ്രദര്‍ശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ആദ്യം ലഭിച്ചതെങ്കിലും പതിയെ നല്ല അഭിപ്രായങ്ങളും ഉയര്‍ന്നു വരാന്‍ തുടങ്ങി. ചലച്ചിത്ര പ്രവര്‍ത്തകര്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്ന കാഴ്ചയും കണ്ടു. മാസ് സിനിമ പ്രതീക്ഷിച്ച് പോയ ഒരു വിഭാഗം ആളുകള്‍ മലൈക്കോട്ടെ വാലിബനെ താഴ്ത്തി പറയുകയും ചെയ്തു. ഇതിന് ചുവടുപിടിച്ച് അശ്വന്ത് കോക്ക് ഉള്‍പ്പെടെയുള്ള യൂട്യൂബ് റിവ്യൂവര്‍ മാരും മോശം അഭിപ്രായമായിരുന്നു നല്‍കിയത്.

പതിവ് രീതിയില്‍ നിന്ന് മാറി പരിഹാസം നിറഞ്ഞ ഒരു രൂപത്തില്‍ പ്രത്യക്ഷപ്പെട്ടാണ് അശ്വന്ത് കോക്കിന്റെ മലൈക്കോട്ടെ വാലിബന്‍ റിവ്യൂ. എന്നാല്‍ അശ്വന്ത് കോക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് തിരക്കഥാകൃത്തും നോവലിസ്റ്റുമായ സജീവ് പാഴൂര്‍.

സജീവ് പാഴൂരിന്റെ വാക്കുകളിലേക്ക്

രണ്ട് തരം വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് ചിത്രത്തില്‍. ഒന്ന് കോടികള്‍ മുതല്‍ മുടക്കി വര്‍ഷങ്ങള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഒരു സിനിമ ചിത്രീകരിച്ചതിന്റെ Making video. രണ്ട് - റിവ്യൂ എന്ന പേരില്‍ കാണിക്കുന്ന Mocking video. അനായാസമായും ഉത്തരവാദിത്വ രഹിതമായും ചെയ്യാന്‍ കഴിയുന്ന രണ്ടാമത്തെ ചിത്രത്തിന് പിന്നിലെ റിവ്യൂ എന്ന പേരിലെ പ്രവൃത്തി മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മൊബൈല്‍ ക്യാമറയും മൈക്കും തലക്ക് പിന്നില്‍ ഒരു ലൈറ്റും കുറച്ച് അലുമിനിയം ഫോയില്‍ പേപ്പറും ഒരു കളര്‍ തുണിയും പിന്നെ കുറെ ചോറും പപ്പടവും 20 മിനിറ്റ് തോന്നുന്നതെല്ലാം പറഞ്ഞതും മതിയായിരുന്നു ഇതിന് നിക്ഷേപം. പക്ഷെ വാലിബന് അതിലും കുറച്ചു കൂടി നിക്ഷേപവും അധ്വാനവും ആവശ്യമുണ്ടായിരുന്നുവെന്ന് മേക്കിങ്ങ് വീഡിയോ കാണുമ്പോള്‍ മനസ്സിലാവും. യുട്യൂബില്‍ നിന്നും പ്രതിമാസം ലക്ഷങ്ങള്‍ റിവ്യൂ ഉപായത്തിലൂടെ സംഘടിപ്പിക്കപ്പെട്ടപ്പോള്‍ സിനിമയെ അതിന്റെ യഥാര്‍ഥ പ്രേക്ഷകരില്‍ നിന്നും അകറ്റി. ഒപ്പം വന്‍ നഷ്ടത്തിനും വഴി വച്ചു. വാലിബന്‍ എഴുതിയ ആളുടെ പേരെങ്കിലും മനസ്സിലാക്കി അത് തെറ്റാതെ പറയാനുള്ള മിനിമം ഉത്തരവാദിത്വം ഇത് ചെയ്യുന്നയാള്‍ക്കുണ്ട്. വ്യക്തിഹത്യയിലൂടെയും ദ്വയാര്‍ഥ പ്രയോഗമുള്ള പേരുകള്‍ ചാര്‍ത്തിയും മൊറാലിറ്റി തകര്‍ക്കുന്ന ഈ പ്രവര്‍ത്തി അപകട ഘട്ടത്തിലേക്കാണ് നീളുന്നത്. റിവ്യൂകള്‍ റിവ്യൂ ചെയ്യപ്പെടണമെന്ന് പുതിയ സാഹചര്യം ആവശ്യപ്പെടുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :