രേണുക വേണു|
Last Modified വെള്ളി, 10 ജനുവരി 2025 (09:18 IST)
Rekhachithram Box Office Collection: ആസിഫ് അലി, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്രം' തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്നു. മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുന്ന കാഴ്ചയാണ് തിയറ്ററുകളില്‍ കാണുന്നത്. ആദ്യ ഷോയ്ക്കു ശേഷം കുടുംബ പ്രേക്ഷകരുടെ വന്‍ ഒഴുക്കാണ് തിയറ്ററുകളില്‍ കാണുന്നത്.
ആദ്യദിനമായ ഇന്നലെ കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 2 കോടിയാണ് രേഖാചിത്രം കളക്ട് ചെയ്തത്. രണ്ടാം ദിനമായ ഇന്ന് ആദ്യ ദിനത്തേക്കാള്‍ കളക്ഷന്‍ നേടാന്‍ രേഖാചിത്രത്തിനു സാധിക്കുമെന്നാണ് ബോക്‌സ് ഓഫീസ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. പ്രവൃത്തി ദിനമായിട്ടും മണിക്കൂറില്‍ രണ്ടായിരത്തില്‍ അധികം ടിക്കറ്റുകളാണ് രേഖാചിത്രത്തിന്റേതായി ബുക്ക് മൈ ഷോയില്‍ മാത്രം ഇപ്പോള്‍ വിറ്റുപോകുന്നത്.
ഒരു മിസ്റ്ററി ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് രേഖാചിത്രം. വമ്പന്‍ ട്വിസ്റ്റുകളും സസ്‌പെന്‍സുകളും ഇല്ലെങ്കിലും തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സിനിമയ്ക്കു സാധിച്ചിട്ടുണ്ട്. ആസിഫ് അലി, അനശ്വര രാജന്‍, മനോജ് കെ ജയന്‍, സിദ്ധീഖ്, ജഗദീഷ്, സുധി കോപ്പ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരുടെ പെര്‍ഫോമന്‍സിനൊപ്പം 'മമ്മൂട്ടി' റഫറന്‍സും സിനിമയെ മനോഹരമാക്കുന്നു. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മമ്മൂട്ടി, ഭരതന്‍ എന്നിവരെ സിനിമയില്‍ കാണിക്കുന്നുണ്ട്. അന്വേഷണത്തില്‍ ഉടനീളമുള്ള മമ്മൂട്ടി റഫറന്‍സുകള്‍ പ്രേക്ഷകരെ കൂടുതല്‍ സിനിമയുമായി അടുപ്പിക്കുന്നതാണ്.