രണ്ടാമൂഴത്തെ കാര്യത്തിൽ തീരുമാനമായി, ശ്രീകുമാർ മേനോന്റെ തീരുമാനത്തിൽ ഞെട്ടി എം ടി!

നിലപാടിലുറച്ച് എം ടി, എങ്ങനെയെങ്കിലും സിനിമ ചെയ്യുമെന്ന് ശ്രീകുമാർ മേനോൻ

Last Modified ഞായര്‍, 3 മാര്‍ച്ച് 2019 (11:18 IST)
രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകും. ‘രണ്ടാമൂഴം’ ചിത്രീകരണവുമായി ബന്ധപ്പെട്ട് എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള വാദം ഇന്നലെ തുടങ്ങി.

അതേസമയം, എന്തൊക്കെ സംഭവിച്ചാലും രണ്ടാമൂഴം സിനിമയാക്കുമെന്ന ഉറച്ച നിലപാടിലാണ് ശ്രീകുമാർ മേനോൻ. കേസും കോടതിയുമായി ഇത്രയധികം ദൂരം പോയിട്ടും താൻ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാഞ്ഞിട്ടും ശ്രീകുമാർ മേനോന്റെ ഇപ്പോഴുള്ള വാശി എം ടിയേയും അമ്പരപ്പിച്ചിരിക്കുകയാണ്. കോടതി വിധി സംവിധായകന് അനുകൂലമാണെങ്കിൽ ഒടിയൻ പോലൊരു സിനിമയാകുമോ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുക എന്നൊരു സംശയവും നിലനിൽക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ രണ്ടാമൂഴത്തിന്റെ കാര്യത്തിൽ തീരുമാനമായെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

സിനിമക്കായി എം ടി നല്‍കിയ മലയാളം, ഇംഗ്ലീഷ് തിരക്കഥ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഉപയോഗിക്കുന്നത് കോഴിക്കോട് അഡീഷനല്‍ മുന്‍സിഫ് (ഒന്ന്) കോടതി തടഞ്ഞിരുന്നു. ഈ വിധി റദ്ദാക്കണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹർജിയും കേസില്‍ ആര്‍ബിട്രേറ്റര്‍ (മധ്യസ്ഥന്‍) വേണമെന്ന സംവിധായകന്റെ ആവശ്യത്തിനെതിരെ എം.ടിയുടെ ഹർജിയുമാണ് പരിഗണിച്ചത്.

കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ ആര്‍ബിട്രേഷനും പ്രസക്തിയില്ലെന്ന് എം.ടിയുടെ അഭിഭാഷകന്‍ കെ.ബി. ശിവരാമകൃഷ്ണന്‍ വാദിച്ചു. തിരക്കഥ തിരിച്ച് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് എം ടി. എന്നാൽ, ഏത് വിധേനയും സിനിമ ചെയ്യണമെന്നാണ് ശ്രീകുമാർ മേനോന്റെ നിലപാട്.

തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11നാണ് എം ടി കേസ് നല്‍കിയത്. കേസില്‍ സംവിധായകന്‍, എര്‍ത്ത് ആന്‍ഡ് എയര്‍ഫിലിം നിര്‍മാണ കമ്ബനി എന്നിവരാണ് എതിര്‍കക്ഷികള്‍. 2014ലാണ് സിനിമക്കായി മൂന്നുവര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടത്. നാലുവര്‍ഷം കഴിഞ്ഞിട്ടും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍പോലും തുടങ്ങിയിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :