Pushpa 2 stampede: 'എനിക്ക് കരൾ പകുത്ത് നൽകിയവൾ, എന്റെ പാതി ജീവൻ, കുടുംബമായിരുന്നു അവൾക്കെല്ലാം': സംഭവിച്ചത് ഓർത്തെടുത്ത് രേവതിയുടെ ഭർത്താവ്

നിഹാരിക കെ എസ്|
ഹൈദരാബാദ്: പുഷ്പ 2 പ്രദർശനത്തിനിടെ തിയേറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഭാര്യ രേവതി മരണപ്പെട്ടതിന്റെ ഞെട്ടൽ മാറാതെ ഭർത്താവ് ഭാസ്കർ. ഭാസ്കറിന്റെ മകൻ തേജ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. തനിക്ക് കരൾ പകുത്ത് നൽകി, തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നവൾ ഇന്ന് ജീവനില്ലാതെ കിടക്കുന്നത് വിശ്വസിക്കാൻ ഭാസ്കറിന് കഴിയുന്നില്ല. ഉല്ലസിച്ച് സിനിമയ്ക്ക് പോയ ഒരു കുടുംബമാണ് ഇന്ന് ശിഥിലമായിരിക്കുന്നത്.

അല്ലു അർജുൻ ഫാനായ മകന്റെ ആഗ്രഹ പ്രകാരമാണ് രേവതിയും ഭാസ്കറും മക്കളെയും കൂട്ടി പ്രീമിയർ ഷോ കാണാൻ സന്ധ്യ തിയേറ്ററിൽ എത്തിയത്. അല്ലു അർജുനും സംഘവും എത്തിയപ്പോൾ തന്നെ തിയേറ്റർ ബഹളമയമായി. പ്രശ്നങ്ങൾ തുടങ്ങുന്നതിന് മുന്നേ തന്നെ ഏഴ് വയസുകാരി സാൻവി കരച്ചിലായി. ഇതോടെ ഭാസ്കർ മകളെ തിയേറ്ററിന് സമീപത്തുള്ള ചിത്തിയുടെ വീട്ടിൽ കൊണ്ടുപോയി ആക്കാനായി പോയി. രേവതിയെയും മകൻ തേജിനെയും സുരക്ഷിതമായ സ്ഥലത്ത് നിർത്തിയശേഷമായിരുന്നു ഇയാൾ മകളെയും കൊണ്ട് പോയത്. എന്നാൽ, തിരിച്ചെത്തിയപ്പോൾ രണ്ട് പേരെയും കാണാനില്ല.

ഫോണിൽ വിളിച്ച് ചോദിച്ചപ്പോൾ 'ഞങ്ങൾ തിയേറ്ററിന് അകത്താണ്' എന്നായിരുന്നു രേവതിയുടെ മറുപടി. തിക്കിലും തിരക്കിലും അകപ്പെട്ട ഭാസ്കർ തിയേറ്ററിന് അകത്തേക്ക് കയറാൻ കഴിയാതെ ആയി. സംഘർഷം നടന്നതും ആർക്കൊക്കെയോ പരിക്കേറ്റതും അറിഞ്ഞതോടെ ഭാസ്കർ ഭയന്നു. ഇതിനിടെ, തന്റെ മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ വീഡിയോ ഭാസ്കർ കണ്ടു. കൂടെ രേവതിയും ഉണ്ടാകുമെന്ന് കരുതിയെങ്കിലും രേവതിയെ കണ്ടില്ല. വെളുപ്പിനെ 2 മണി വരെ രേവതിയെ കുറിച്ച് ഒരു വിവരവും ഉണ്ടായില്ല. ശേഷം പോലീസെത്തിയാണ് രേവതിയുടെ മരണവിവരം ഭാസ്കറിനെ അറിയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :