പുഷ്പ 2 അപകടം: മരിച്ച രേവതിയുടെ കുടുംബത്തിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകി അല്ലു അർജുൻ

നിഹാരിക കെ.എസ്| Last Modified വ്യാഴം, 26 ഡിസം‌ബര്‍ 2024 (11:20 IST)
ഹൈദരാബാദ്: അല്ലു അർജുൻ നായകനായ 'പുഷ്പ 2' സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട രേവതിയുടെ കുടുംബത്തിന് രണ്ട് കോടി രൂപ നഷ്ട പരിഹാരം നൽകാനൊരുങ്ങി അല്ലു അർജുൻ. ചികിത്സയിൽ കഴിയുന്ന യുവതിയുടെ മകന് രണ്ട് കോടി രൂപയാണ് അല്ലു അർജുൻ്റെ പിതാവ് അല്ലു അരവിന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

അല്ലു അർജുൻ ഒരു കോടി രൂപയും ബാക്കി ഒരു കോടി രൂപ സിനിമാ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സംവിധായകൻ സുകുമാറും ചേർന്ന് നൽകുമെന്നും അല്ലു അരവിന്ദ് മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതര പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാനാണ് പണമെന്ന് അല്ലു അരവിന്ദ് വ്യക്തമാക്കി. നേരത്തെ 25 ലക്ഷം രൂപ അല്ലു അർജുൻ കുടുംബത്തിന് കൈമാറിയിരുന്നു.

മരണപ്പെട്ട രേവതി (35) യുടെ കുടുംബത്തിനും മകൻ ശ്രീതേജി (എട്ട്) നും താങ്ങാകാനായി രണ്ടു കോടി രൂപ നൽകി സഹായിക്കാനും പണം തെലങ്കാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർപേഴ്സൺ ദിൽ രാജുവിനെ ഏൽപ്പിക്കാനും തീരുമാനിച്ചതായി അല്ലു അരവിന്ദ് പറഞ്ഞു. കുടുംബത്തെ ബന്ധപ്പെടരുതെന്ന നിർദേശമുള്ളതിനാലാണ് ദിൽ രാജുവിനെ പണം ഏൽപ്പിച്ചതെന്നും കുടുംബത്തിന്റെ അഭിഭാഷകർ മുഖേന വിഷയം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :