പ്രിയദര്‍ശനെ വിവാഹം കഴിക്കാന്‍ മതം മാറി, വിവാഹമോചനത്തിനു നിര്‍ബന്ധം പിടിച്ചതും ലിസി തന്നെ; എന്നിട്ടും കാത്തിരുന്ന് പ്രിയന്‍ !

രേണുക വേണു| Last Modified ബുധന്‍, 18 മെയ് 2022 (15:59 IST)

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളികള്‍ക്ക് പ്രിയപ്പെട്ട പല നടിമാരും സിനിമയില്‍ അരങ്ങേറിയത് പ്രിയദര്‍ശന്‍ ചിത്രങ്ങളിലൂടെയാണ്. അങ്ങനെയൊരു അഭിനേത്രിയാണ് ലിസി. പില്‍ക്കാലത്ത് പ്രിയദര്‍ശന്റെ ജീവിതസഖിയായെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹബന്ധം വേര്‍പ്പെടുത്തി. 24 വര്‍ഷം നീണ്ട വിവാഹ ജീവിതത്തിനു ശേഷമാണ് ലിസി-പ്രിയദര്‍ശന്‍ ബന്ധത്തിനു വിരാമമായത്. വിവാഹമോചനത്തിനു മുന്‍കൈ എടുത്തത് ലിസിയാണ്. പ്രിയദര്‍ശന് ബന്ധം തുടരാനായിരുന്നു താല്‍പര്യം.

1984 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമയിലൂടെയാണ് ലിസിയുടെ അരങ്ങേറ്റം. അന്ന് ലിസിക്ക് 16 വയസ് മാത്രമായിരുന്നു പ്രായം. ലിസിയും പ്രിയദര്‍ശനും തമ്മില്‍ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. ലിസിയുമായി പ്രിയദര്‍ശന്‍ വേഗം സൗഹൃദത്തിലായി. പിന്നീട് പ്രിയദര്‍ശന്‍ സിനിമകളില്‍ ലിസി സ്ഥിര സാന്നിധ്യമായി. ആറ് വര്‍ഷത്തിനിടെ പ്രിയദര്‍ശന്റെ 22 സിനിമകളില്‍ ലിസി അഭിനയിച്ചു. 1990 ഡിസംബര്‍ 13 നാണ് ഒടുവില്‍ ഇരുവരും വിവാഹിതരായത്. പ്രിയദര്‍ശന്‍ തന്നെയാണ് തന്റെ പ്രണയം ലിസിയെ ആദ്യം അറിയിച്ചത്. ഒരു സില്‍ക് സാരി അന്ന് ലിസിക്ക് സമ്മാനമായി നല്‍കി. വിവാഹശേഷം ലിസി മതംമാറി. ക്രിസ്ത്യന്‍ മതത്തില്‍ ജനിച്ച ലിസി ഹിന്ദുമതം സ്വീകരിച്ച് ലക്ഷ്മി പ്രിയദര്‍ശന്‍ എന്ന് പേര് മാറ്റുകയും ചെയ്തു. സിദ്ധാര്‍ത്ഥ്, കല്യാണി എന്നിങ്ങനെ രണ്ട് മക്കളാണ് ലിസിക്കും പ്രിയദര്‍ശനുമുള്ളത്.

ഒത്തുപോകാന്‍ കഴിയാതെ വന്നതോടെയാണ് പ്രിയദര്‍ശനുമായുള്ള ബന്ധത്തില്‍ നിന്ന് നിയമപരമായി പുറത്തുകടക്കാന്‍ ലിസി തീരുമാനിച്ചത്. പ്രിയദര്‍ശനുമായുള്ള ബന്ധം അവസാനിപ്പിച്ചതിനുള്ള കാരണം മക്കള്‍ക്ക് അറിയാമെന്നും ലിസി അക്കാലത്ത് പറഞ്ഞിരുന്നു. പ്രിയദര്‍ശനുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ലിസി അക്കാലത്ത് പരോക്ഷമായി പറയുകയായിരുന്നു. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് എല്ലാം വളരെ ഭംഗിയായി തോന്നുമെന്നും എന്നാല്‍ ഉള്ളില്‍ കാര്യങ്ങള്‍ വളരെ സങ്കീര്‍ണമാണെന്നും ലിസി പറഞ്ഞത് വലിയ ചര്‍ച്ചയായി. കുടുംബകാര്യങ്ങളില്‍ പ്രിയദര്‍ശന്‍ അലസനായിരുന്നെന്നും ലിസിക്ക് യാതൊരു ബഹുമാനവും നല്‍കിയിരുന്നില്ലെന്നും അതാണ് പിന്നീട് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും അക്കാലത്ത് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രിയദര്‍ശന്റെ പരസ്ത്രീബന്ധമാണ് ലിസിയെ കൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുപ്പിച്ചതെന്നും ഗോസിപ്പുകള്‍ പ്രചരിച്ചു.

വിവാഹമോചന ശേഷവും താന്‍ ലിസിക്കായി കാത്തിരിക്കുകയാണെന്നാണ് പ്രിയദര്‍ശന്‍ പറയുന്നു. ഇപ്പോഴും ലിസിയെ പ്രണയിക്കുന്നുണ്ടെന്നും തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. എന്നാല്‍, പഴയ ബന്ധത്തിലേക്ക് തിരിച്ചുവരാന്‍ യാതൊരു താല്‍പര്യവുമില്ലെന്ന നിലപാടിലാണ് ലിസി.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :