രേണുക വേണു|
Last Modified ശനി, 4 ജൂണ്‍ 2022 (13:01 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയ മണി. വിവിധ ഭാഷകളിലായി തെന്നിന്ത്യന്‍ സിനിമകളില്‍ സാന്നിധ്യമറിയ പ്രിയ മണിയുടെ ജീവിതപങ്കാളി മുസ്തഫ രാജ് ആണ്. ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സമയങ്ങളില്‍ മുസ്തഫ തനിക്കൊപ്പം നിഴലുപോലെ ഉണ്ടായിരുന്നെന്ന് പ്രിയ മണി പൊതുവേദികളില്‍ പറഞ്ഞിട്ടുണ്ട്.
ബെംഗളൂരുവില്‍ ഐപിഎല്‍ മത്സരം നടക്കുന്നതിനിടെയാണ് പ്രിയ മണിയും മുസ്തഫയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച. ഐപിഎല്ലില്‍ കളിക്കുന്ന ഒരു ടീമിന്റെ ബ്രാന്റ് അംബാസിഡര്‍ ആയിരുന്നു ആ സമയത്ത് പ്രിയ മണി. ടൂര്‍ണമെന്റിന്റെ ഇവന്റ് മാനേജര്‍ ആയിരുന്നു മുസ്തഫ.
ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഇരുവരും വളരെ അടുത്തു. പിന്നീട് കേരളത്തില്‍വച്ച് ഇടയ്ക്കിടെ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ആദ്യ കാലങ്ങളില്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു ഇരുവരും. പതിയെ പതിയെ ആ സൗഹൃദം പ്രണയമായി. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയുടെ വേദിയില്‍ വച്ച് മുസ്തഫ പ്രിയ മണിയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു.
വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍വച്ച് ഇരുവരും വിവാഹിതരായി. 2016 മേയ് 27 നായിരുന്നു വിവാഹനിശ്ചയം. 2017 ഓഗസ്റ്റ് 23 ന് വിവാഹം നടന്നു.
ഇരുവരുടെയും വിവാഹം ഗോസിപ്പ് കോളങ്ങളിലും ഇടംപിടിച്ചു. തന്നെ ഡിവോഴ്‌സ് ചെയ്യാതെയാണ് മുസ്തഫ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതെന്ന് മുസ്തഫയുടെ ആദ്യ ഭാര്യ ആരോപിച്ചു. എന്നാല്‍, തന്നില്‍ നിന്ന് പണം ലഭിക്കാനാണ് ആദ്യ ഭാര്യ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു മുസ്തഫയുടെ മറുവാദം.