കെ ആര്‍ അനൂപ്|
Last Modified വെള്ളി, 23 ഫെബ്രുവരി 2024 (12:11 IST)
ശ്യാം മോഹനെ മലയാളി സിനിമ പ്രേക്ഷകര്‍ അടുത്തറിയുന്നത് 'പ്രേമലു'വിലെ ആദിയിലൂടെയാണ്. ജസ്റ്റ് കിഡിങ് എന്ന് ശ്യാം പറയുന്നത് ഇപ്പോഴും സിനിമ പ്രേമികളെ ചിരിപ്പിക്കുന്നു. സിനിമയില്‍ നിരവധി അവസരങ്ങളാണ് നടനു മുമ്പില്‍ തുറക്കപ്പെടുന്നത്. മുംബൈയില്‍ ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലി 2015ല്‍ ഉപേക്ഷിച്ചാണ് സ്വപ്നങ്ങളുടെ പിറകെ ശ്യാം നടന്നത്. 9 വര്‍ഷം എടുത്തു പ്രേമലു പോലൊരു സിനിമ നടനെ തേടിയെത്താന്‍.
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിലാണ് ഇപ്പോള്‍ ശ്യാം മോഹന്‍ അഭിനയിക്കുന്നത്. 'ഗെറ്റ് സെറ്റ് ബേബി' ടീമില്‍ നടന്‍ എത്തിയ സന്തോഷം നിര്‍മാതാക്കള്‍ പങ്കുവച്ചു.
വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഖില വിമലാണ് നായിക.
കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രം ആയിരിക്കും ഇത്. സാമൂഹ്യ പ്രസക്തിയുള്ള വിഷയം നര്‍മ്മത്തില്‍ ചാലിച്ചാണ് സിനിമ പറയുന്നത്.
മേപ്പടിയാന്‍, ഷഫീക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ സിനിമകളിലൂടെ കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന നടനായി ഉണ്ണി മുകുന്ദന്‍ മാറിക്കഴിഞ്ഞു. ജീവിതത്തെ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ശക്തമായ കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ്.
സജീവ് സോമന്‍, സുനില്‍ ജെയിന്‍, പ്രക്ഷാലി ജെയിന്‍, സാം ജോര്‍ജ്ജ് എന്നിവരാണ് സ്‌കന്ദ സിനിമാസിന്റെയും കിംഗ്‌സ്‌മെന്‍ എല്‍ എല്‍ പിയുടെയും സംയുക്ത സംരഭമായി ഈ ചിത്രം നിര്‍മ്മിക്കുന്നത്.