കമലിനെ കമാലുദ്ദീൻ ആക്കിയത് പോലെ, പ്രേം നസീറിനെ ചിറയിന്‍കീഴ് അബ്ദുള്‍ഖാദറേ എന്നാക്കുമായിരുന്നോ?

അങ്ങനെ സംഭവിയ്ക്കും മുമ്പേ പ്രേം നസീർ പോയതെന്തായാലും നന്നായി!

aparna shaji| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2016 (16:05 IST)
സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ നടക്കുന്ന ദുഷ്പ്രചരണങ്ങൾക്കെതിരെ എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് രംഗത്ത്. പ്രേംനസീറിന്റെ യഥാര്‍ത്ഥ പേരെടുത്ത് പറഞ്ഞാണ് കമലിനെ കമാലുദ്ദീനാക്കാനുളള നീക്കങ്ങളെ അദ്ദേഹം പരിഹസിക്കുന്നത്. ചിറയിന്‍കീഴ് അബ്ദുള്‍ഖാദറേ എന്നു വിളിക്കപ്പെടും മുന്‍പ് പ്രേംനസീര്‍ പോയത് നന്നായി. ഒന്നുമല്ലെങ്കിലും ശ്രീരാമനും ശ്രീകൃഷ്ണനുമൊക്കെ ആയി അഭിനയിച്ച ഒരു ദേഹമല്ലിയോ? എന്നാണ് റഫീഖ് അഹമ്മദിന്റെ ചോദ്യം.

ഫേസ്ബുക്കിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയ റഫീഖ് അഹമ്മദിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. സംവിധായകൻ ആഷിക് അബുവും പോസ്റ്റ് ഷെയർ ചെയ്തു കഴിഞ്ഞു. റഫീഖ് അഹമ്മദിന് ഇക്കാര്യത്തിൽ പൂർണപിന്തുണയാണ് ആഷിഖ് അബു നൽകുന്നതെന്ന് വ്യക്തം.

തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ തിയറ്ററുകളില്‍ എല്ലാ സിനിമകള്‍ക്കും മുന്‍പായി ദേശീയഗാനം ആലപിക്കുന്നതിനെ സുപ്രീംകോടതിയില്‍ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ചോദ്യം ചെയ്തിരുന്നു. ഇതില്‍ കമലിന് പങ്കുണ്ടെന്നും അദ്ദേഹം ദേശീയഗാനം ആലപിക്കുന്നതിന് എതിരാണെന്നും യുവമോര്‍ച്ച ആരോപിച്ച് രംഗത്തെത്തിയിരുന്നു. അതോടൊപ്പം, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കമലിനെ കമാലുദ്ദീന്‍ എന്നു വിളിച്ച് പ്രകടനം നടത്തുകയും പാകിസ്ഥാനിലേക്ക് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :