നിഹാരിക കെ.എസ്|
Last Modified ശനി, 15 മാര്‍ച്ച് 2025 (12:33 IST)
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പൊന്മാൻ. തിയേറ്ററിൽ ഹിറ്റായ ചിത്രം ഇപ്പോൾ ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഒ.ടി.ടിയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് ബേസിൽ എന്നും നടന്റെ ഗംഭീര പ്രകടനമാണ് സിനിമയിലേത് എന്നുമാണ് പ്രേക്ഷക അഭിപ്രായങ്ങൾ. തനി തങ്കമാണ് പൊൻമാൻ എന്നും അഭിനേതാക്കൾ എല്ലാവരും മികച്ച പ്രകടനങ്ങൾ ആണ് നൽകിയതെന്നും കമന്റുകൾ ഉണ്ട്. വളരെ കോംപ്ലക്സ് ആയ കഥപറച്ചിലിനെ പ്രേക്ഷകരെ ആകർഷിക്കും വിധം അവതരിപ്പിച്ച സംവിധായകൻ ജ്യോതിഷ് ശങ്കറിനും അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.
ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ തീരദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവകഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ജി ആർ ഇന്ദുഗോപൻ ഈ കഥ രചിച്ചത്.