'ആവശ്യം നമ്മുടെ ആണല്ലോ? ചോദിക്കണം, ആരും കൈപിടിച്ച് മാറ്റില്ല': ഭാവനയ്ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് പൗളി

നിഹാരിക കെ എസ്| Last Modified ശനി, 14 ഡിസം‌ബര്‍ 2024 (11:40 IST)
യുവനടിമാരിൽ ഏറ്റവും കൂടുതൽ ആളുകൾ ഷൂട്ടിങ് സെറ്റിലെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളിൽ ഒന്നായി പറയാറുള്ളത് ടോയ്ലെറ്റ് സൗകര്യം തന്നെയാണ്. കാരവാന് സൗകര്യമുള്ള ചില നടിമാർ മറ്റുള്ളവർക്ക് അത് വിട്ട് നൽകുകയും ചെയ്യാറില്ല. സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ‌ ഒന്നാണ് ലൊക്കേഷനിൽ ടോയ്ലെറ്റ് സൗകര്യം ഉണ്ടാകില്ല എന്നത്.

ഇത്തരം ആവശ്യങ്ങൾ നമ്മുടേത് ആണെന്നും അതിനാൽ അതൊക്കെ ചോദിച്ച് തന്നെ നേടേണ്ടതുണ്ടെന്നും നടി പൗളി പറയുന്നു. ആദം ജോൺ സിനിമയിൽ‌ അഭിനയിക്കാൻ പോയപ്പോഴുള്ള അനുഭവവും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പൗളി പങ്കുവെച്ചു. കാരവാൻ‌ മാത്രമുള്ളിടത്ത് അത് ഉപയോ​ഗിക്കുന്ന താരങ്ങൾ പിണങ്ങുമെന്ന് കരുതി ഉപയോ​ഗിക്കാതെ മാറി നിൽക്കാറില്ലെന്ന് നടി പറയുന്നു.

'ഒരു ദിവസം ഭാവനയൊക്കെ ഉപയോ​ഗിക്കുന്ന കാരവാൻ ഞാൻ ഉപയോ​ഗിച്ചിട്ടുണ്ട്. ആദം ജോൺ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിൽ ഒറ്റ ഡയലോ​ഗ് മാത്രമെ എനിക്കുള്ളു. പട്ടുമലയിലായിരുന്നു ഷൂട്ട്. അവിടെ ഒരു പള്ളിയുണ്ട്. വമ്പൻ കല്യാണമാണ് ഷൂട്ട് ചെയ്യുന്നത്. അ‌തുകൊണ്ട് പള്ളിയും പരിസരവും ജൂനിയർ ആർട്ടിസ്റ്റുകളെ കൊണ്ട് നിറഞ്ഞിരുന്നു. എനിക്ക് മൂത്രമൊഴിക്കാൻ പോണം. എന്ത് ചെയ്യുമെന്ന് ഞാൻ ആലോചിച്ചു. ആരും കൂടെയില്ലതാനും. അപ്പോഴാണ് ഒരു കാരവാൻ കിടക്കുന്നത് കണ്ടത്.

ഞാൻ അവിടേക്ക് ചെന്ന് മുട്ടി. രണ്ട് മേക്കപ്പ് ആർട്ടിസ്റ്റുകളും ഭാവനയും ആ കാരവാനിലുണ്ടായിരുന്നു. എന്താണ് ചേച്ചിയെന്ന് ഭാവന ചോദിച്ചു. മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോൾ ഭാവന സമ്മതിച്ചു. എന്നോട് ആരും കാരവാൻ ഉപയോ​ഗിച്ചതിന് പിണങ്ങിയില്ല. ആവശ്യമുണ്ടെങ്കിൽ നമുക്ക് ഇതുപോലെ ആവശ്യപ്പെടാം.

വലിയ പ്രശ്നങ്ങളൊന്നുമില്ല. ആരും കൈപിടിച്ച് മാറ്റുകയുമില്ല. ഭാവന ശ്രദ്ധിച്ചതുപോലുമില്ല. തിരികെ വരും മുമ്പ് ഭാവനയോട് കുറച്ച് സമയം സംസാരിക്കുകയും ചെയ്തു. അതുപോലെ അടുത്തിടെ ഊട്ടിയിൽ ഷൂട്ടിന് പോയി. എല്ലാവരും കാരവാനാണ് ഉപയോ​ഗിച്ചത്. വേറെ വഴിയില്ല. കാരണം ഷൂട്ട് കുന്നിന്റെ മുകളിലാണ്. പിന്നെ ജൂനിയർ ആർട്ടിസ്റ്റുകളുടെ കാര്യം വരുമ്പോൾ കുറച്ച് നിയന്ത്രണം വെക്കണം. കാരണം നമ്മൾ വിചാരിക്കുന്നയാളുകളല്ല ജൂനിയർ ആർട്ടിസ്റ്റുകളായി വരുന്നവരിൽ എല്ലാം', നടി പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :