അഭിറാം മനോഹർ|
Last Modified വെള്ളി, 19 ജനുവരി 2024 (14:10 IST)
അന്നപൂരണി സിനിമയെ സംബന്ധിച്ച വിവാദത്തില്‍ ക്ഷമ ചോദിച്ച് ചലച്ചിത്രതാരം നയന്‍താര. താന്‍ തികഞ്ഞ ഈശ്വരവിശ്വാസിയാണെന്നും ആരുടെയും വിശ്വാസത്തെ ഹനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും നയന്‍താര പറയുന്നു. സിനിമയിലൂടെ പോസിറ്റീവായ സന്ദേശം നല്‍കാനാണ് ശ്രമിച്ചത്. സെന്‍സര്‍ബോര്‍ഡ് അനുമതിയുള്ള സിനിമ ഒടിടിയിലെത്തുമ്പോള്‍ വിവാദമായി മാറുമെന്ന് കരുതിയില്ലെന്നും ക്ഷമാപണത്തില്‍ നയന്‍താര പറയുന്നു. ജയ് ശ്രീറാം എന്ന തലക്കെട്ടുള്ള ലെറ്ററിലാണ് നയന്‍താരയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. തമിഴ്,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളില്‍ ക്ഷമാപണക്കുറിപ്പുണ്ട്.
സിനിമയില്‍ ശ്രീരാമന്‍ വനത്തില്‍ 14 വര്‍ഷം താമസിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ രാമന്‍ മാംസാഹാരിയാണെന്നുള്ള ഭാഗവും ബിരിയാണി പാചകം ചെയ്യുന്നതിന് മുന്‍പായി നയന്‍താര നിസ്‌കരിക്കുന്ന ഭാഗവുമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇതോടെ സിനിമ മതവികാരം വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് തീവ്രഹിന്ദുസംഘടനകള്‍ രംഗത്ത് വരികയായിരുന്നു. മധ്യപ്രദേശിലാണ് ചിത്രത്തിനെതിരെ പരാതി വന്നത്. ഇതോടെ സിനിമ നെറ്റ്ഫ്‌ളിക്‌സില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു.