രേണുക വേണു|
Last Modified തിങ്കള്‍, 28 മാര്‍ച്ച് 2022 (10:52 IST)
ഒരുത്തീ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ വീണ്ടും പ്രതികരിച്ച് നടി നവ്യ നായര്‍. എല്ലാ പ്രശ്നങ്ങള്‍ക്കും താന്‍ മാപ്പ് ചോദിച്ചാല്‍ മതിയെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നതായി നവ്യ പറഞ്ഞു. ഒരു പുരുഷന്‍ നടത്തിയ വിവാദ പരാമര്‍ശത്തിനു സ്ത്രീയായ തന്നെയാണ് എല്ലാവരും വേട്ടയാടുന്നതെന്നും നവ്യ പറഞ്ഞു.
'ചെയ്തത് തെറ്റ് തന്നെയാണ്. മാധ്യമപ്രവര്‍ത്തകയായ സ്ത്രീയോട് അങ്ങനെ ചോദിക്കാന്‍ പാടില്ലായിരുന്നു. അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും പ്രതികരിക്കാമായിരുന്നു. ഒരുത്തീയുടെ പ്രചാരണത്തിന്റെ ഭാഗമായായിരുന്നു ആ വാര്‍ത്താസമ്മേളനം. അതിനിടയില്‍ ഞാനും ഇതൊന്നും പ്രതീക്ഷിച്ചിരുന്നതല്ല. ഓരോ മനുഷ്യര്‍ക്കും ഓരോ രീതിയിലാണ് പ്രതികരണ ശേഷി. നിങ്ങള്‍ വിചാരിക്കുന്ന പോലെ ഞാന്‍ പ്രതികരിക്കണമെന്ന് വച്ചാല്‍ എന്നെക്കൊണ്ട് സാധിച്ചില്ല. അത്രയ്ക്കേ ഇപ്പോ പറയാന്‍ പറ്റൂ. അന്നുണ്ടായ മുഴുവന്‍ സംഭവത്തിനും ഞാന്‍ ക്ഷമ ചോദിച്ചാല്‍ പ്രശ്നം കഴിയുമെങ്കില്‍ ഞാന്‍ പൂര്‍ണ മനസ്സോടു കൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു. അവിടെ നടന്നത് ഒരു പുരുഷന്റെ പരാമര്‍ശമാണെങ്കിലും ഇപ്പോഴും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് മറ്റൊരു സ്ത്രീ തന്നെയാണ്. എന്നേക്കാള്‍ അളവില്‍ അവിടെ പുരുഷന്‍മാരുണ്ടായിരുന്നു. പക്ഷേ, എല്ലാവരും ഇപ്പോഴും ചോദ്യം ചോദിക്കുന്നത് എന്നോടാണ്,' നവ്യ നായര്‍ പറഞ്ഞു.