നെല്‍വിന്‍ വില്‍സണ്‍|
Last Modified ബുധന്‍, 21 ഏപ്രില്‍ 2021 (16:12 IST)
ബാലനടിയായി മലയാളത്തിലെത്തി എല്ലാവരുടെയും ഇഷ്ടതാരമായ അഭിനേത്രിയാണ് നന്ദന വര്‍മ. സോഷ്യല്‍ മീഡിയയില്‍ നന്ദന ഏറെ സജീവമാണ്. എന്നാല്‍, കഴിഞ്ഞ ഏതാനും മണിക്കൂറുകളായി നന്ദന ഏറെ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും കേള്‍ക്കേണ്ടിവരുന്നു. ഫെയ്‌സ്ബുക്കില്‍ താരത്തിന്റെ അക്കൗണ്ടില്‍ നിന്നു വന്ന ചില കമന്റുകളാണ് ഇപ്പോള്‍ എല്ലാവരെയും ചൊടിപ്പിച്ചിരിക്കുന്നത്.
നടി സാനിയ ഇയ്യപ്പന്റെ ചിത്രത്തിനു താഴെ നന്ദന വര്‍മയുടെ അക്കൗണ്ടില്‍ നിന്ന് ഒരു മോശം കമന്റ് വന്നിരുന്നു. എന്നാല്‍, തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അതില്‍ നിന്നു വരുന്ന കമന്റുകളും പോസ്റ്റുകളും താന്‍ അറിഞ്ഞുകൊണ്ട് ഉള്ളതല്ലെന്നും നന്ദന പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതായി നന്ദന വര്‍മ പറയുന്നത്.
"എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഞാന്‍ ഇപ്പോഴാണ് അക്കാര്യം അറിയുന്നത്. എന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്നു വന്ന ഏതെങ്കിലും പോസ്റ്റോ കമന്റോ എന്റേതല്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി ഫോണ്‍ കോളുകളും സന്ദേശങ്ങളും എനിക്ക് ലഭിച്ചു. എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നു വന്ന ഏതെങ്കിലും കമന്റ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. അതൊന്നും ഞാനോ എന്റെ ടീമോ അറിഞ്ഞുകൊണ്ട് ഉള്ളത് അല്ല. ഇങ്ങനെയൊക്കെ സംഭവിച്ചതിനു ശേഷമാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഞാന്‍ അറിഞ്ഞത്," നന്ദന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
നടി സാനിയ ഇയ്യപ്പന്റെ 19-ാം ജന്മദിനമായിരുന്നു ഇന്നലെ. നിരവധി പേരാണ് സാനിയയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്. ഇതില്‍ ഒരു ആശംസാ പോസ്റ്റിനു താഴെയാണ് സാനിയയ്‌ക്കെതിരെ നന്ദന വര്‍മയുടെ ഐഡിയില്‍ നിന്ന് കമന്റ് വന്നിരിക്കുന്നത്. സാനിയയെ വളരെ മോശമായി ചിത്രീകരിക്കുന്ന കമന്റായിരുന്നു അത്. സംഭവം വിവാദമായതിനു പിന്നാലെ കമന്റ് പിന്‍വലിക്കുകയായിരുന്നു.
അയാളും ഞാനും തമ്മില്‍, 1983, മിലി, ഗപ്പി, സണ്‍ഡെ ഹോളിഡെ, അഞ്ചാം പാതിര, ആകാശമിഠായി, വാങ്ക് തുടങ്ങി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായ താരമാണ് നന്ദന വര്‍മ. ഗപ്പിയിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.