സമാന്തയോട് മാത്രമേ മാപ്പ് പറയൂ? തന്നോട് പറയാത്തതെന്ത്? മന്ത്രിയെ മര്യാദ പഠിപ്പിക്കാൻ നാഗാർജുന

Nagarjuna, konda surekha
Nagarjuna, konda surekha
നിഹാരിക കെ എസ്| Last Modified ശനി, 5 ഒക്‌ടോബര്‍ 2024 (10:30 IST)
തെലുങ്ക് താരം നാഗചൈതന്യയുടേയും നടി സാമന്ത റൂത്ത്പ്രഭുവിന്റേയും വിവാഹമോചനവുമായി ബന്ധപ്പെട്ട് തെലങ്കാന മന്ത്രി കൊണ്ട സുരേഖ നടത്തിയ വിവാദ പ്രസ്താവന സിനിമാ-രാഷ്ട്രീയ മേഖലയിൽ ചർച്ചയായിരുന്നു. സമാന്ത അടക്കമുള്ളവർ ഇതിനെതിരെ രംഗത്ത് വന്നതോടെ, മന്ത്രി തന്റെ പ്രസ്താവനയിൽ സമാന്തയോട് മാപ്പ് പറഞ്ഞിരുന്നു. കൊണ്ട സുരേഖയ്‌ക്കെതിരെ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന മാനനഷ്ടക്കേസ് നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, മന്ത്രിക്കെതിരെ ഒരു കേസ് കൂടി നൽകാനൊരുങ്ങുകയാണ് നടന്റെ കുടുംബം.

അവര്‍ സാമന്തയോട് മാത്രമാണ് മാപ്പ് പറഞ്ഞതെന്നും തന്റെ കുടുംബത്തോട് ഖേദപ്രകടനം നടത്താന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും നാഗാര്‍ജുന വ്യക്തമാക്കി. മന്ത്രിക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് നൽകാനൊരുങ്ങുകയാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ അതിരുകടന്ന ആരോപണങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇപ്പോള്‍ അവര്‍ പറയുന്നത് പ്രസ്താവനകള്‍ പിന്‍വലിക്കുമെന്നാണ്. സാമന്തയോട് അവര്‍ മാപ്പ് പറഞ്ഞു. അപ്പോള്‍ എന്റെ കുടുംബമോ?. ഞങ്ങളോട് ഖേദപ്രകടനം നടത്താന്‍ അവർ തയ്യാറായിട്ടില്ല. അവര്‍ക്കെതിരെ നിലവില്‍ ഞാന്‍ ഒരു ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്. ഇനി 100 കോടി രൂപയുടെ ഒരു മാനനഷ്ടക്കേസ് കൂടി നല്‍കും. പരാതി പിന്‍വലിക്കുമെന്ന ധാരണ വേണ്ട. ആ കേസ് മുന്നോട്ടുപോകും. തെലുങ്ക് സിനിമയില്‍ നിന്ന് വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരും ഞങ്ങള്‍ക്ക് പിന്തുണയുമായെത്തി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി സിനിമാ താരങ്ങളുടെ പേര് ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല', നാഗാർജുന വ്യക്തമാക്കി.

സാമന്ത- നാഗചൈതന്യ വിവാഹമോചനത്തില്‍ ബി.ആര്‍ എസ് നേതാവ് കെ.ടി രാമറാവുവിന പങ്കുണ്ടെന്ന മന്ത്രിയുടെ പ്രസ്താവനയാണ് ഇപ്പോഴത്തെ വിവാദത്തിന് തിരികൊളുത്തിയത്. നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള എന്‍-കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ചുമാറ്റാതിരിക്കാന്‍ സാമന്തയെ തന്റെ അടുത്തേക്ക് അയയ്ക്കണമെന്ന് കെ.ടി.ആര്‍ ആവശ്യപ്പെട്ടുവെന്നും ഇതിന് സമാന്ത സമ്മതിക്കാതെ വന്നതാണ് ഡിവോഴ്‌സിന് കാരണമായതെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.
=



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :