കെ ആര് അനൂപ്|
Last Modified ബുധന്‍, 24 ജനുവരി 2024 (09:07 IST)
ടോവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത നടികര്‍ തിലകം എന്ന സിനിമയുടെ പേര് മാറ്റി. ഇനി സിനിമ നടികര്‍ എന്ന പേരിലാകും അറിയപ്പെടുക. കഴിഞ്ഞദിവസം കൊച്ചിയില്‍ സിനിമയുടെ ലോഞ്ചിംഗ് ചടങ്ങ് നടന്നിരുന്നു.'നടികര്‍ തിലകം' എന്ന് അറിയിപ്പെടുന്ന വിഖ്യാത തമിഴ് താരം ശിവാജി ഗണേശന്റെ മകന് പ്രഭുവിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ടീം പേര് മാറ്റലിനെ കുറിച്ച് ആലോചിച്ചതും അതില്‍ തീരുമാനമെടുത്തതും.
നടിഗര്‍ തിലകം ടീമിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പ്രഭു തന്നെ ടൈറ്റില്‍ മാറ്റ ചടങ്ങില്‍ പങ്കെടുത്തു. ഒരു വിധത്തിലും സമ്മര്‍ദ്ദമോ ആവശ്യമോ ആയി തങ്ങള്‍ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും അഭ്യര്‍ഥന മാനിച്ച് പേരു മാറ്റിയതിന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും നടന് ലാലിനും പ്രഭു നന്ദി പറഞ്ഞു. ലാല്‍ ജൂനിയറിന്റെ പിതാവ് ലാലുമായായിരുന്നു പ്രഭു ആദ്യം ഫോണില്‍ ബന്ധപ്പെട്ടത്. അദ്ദേഹത്തിന്റെ ആവശ്യം ലാല്‍ മകനോട് പറഞ്ഞു. തുടര്‍ന്ന് പേര് മാറ്റുകയായിരുന്നു.
ടോവിനോ, സൗബിന്, സുരേഷ് കൃഷ്ണ തുടങ്ങിയ താരങ്ങളും പേര് മാറ്റല്‍ ചടങ്ങില്‍ പങ്കെടുത്തു. മെയ് മൂന്നിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
മൈത്രി മൂവി മെക്കേഴ്സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.ഗോഡ് സ്പീഡ് ആന്‍ഡ് മൈത്രിമൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, വൈ. രവിശങ്കര്‍, അലന് ആന്റണി,അനൂപ് വേണുഗോപാല്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
ബാല എന്ന കഥാപാത്രമായാണ് സൗബിന് എത്തുന്നത് .സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പണിക്കര്‍ എന്ന കഥാപാത്രമായി ടോവിനോയും സിനിമയില്‍ ഉണ്ടാകും.
40 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദര്‍, പിആര്‍ഒ: ശബരി.