മോഹന്‍ലാല്‍ നായകന്‍, സംവിധാനം പ്രിയദര്‍ശന്‍; എന്നിട്ടും മമ്മൂട്ടിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല, മമ്മൂട്ടി ചിത്രം ബോക്‌സ്ഓഫീസില്‍ വമ്പന്‍ ഹിറ്റ് !

രേണുക വേണു| Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (13:11 IST)

മോഹന്‍ലാല്‍-മമ്മൂട്ടി ബോക്‌സ്ഓഫീസ് പോര് മലയാള സിനിമയില്‍ പലവട്ടം കണ്ടിട്ടുണ്ട്. 1996 ല്‍ ഇങ്ങനെയൊരു ഏറ്റുമുട്ടല്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ഉണ്ടായി. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാലാപാനിയും മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ഹിറ്റ്‌ലറുമാണ് 1996 ലെ വിഷു റിലീസായി തിയറ്ററുകളിലെത്തിയത്.

പ്രഭു, അംരീഷ് പുരി, തബു, നെടുമുടി വേണു, ശ്രീനിവാസന്‍ തുടങ്ങി വന്‍ താരനിരയാണ് കാലാപാനിയില്‍ അണിനിരന്നത്. 1996 ഏപ്രില്‍ 12 നാണ് കാലാപാനി റിലീസ് ചെയ്തത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ കഥ പറഞ്ഞ ചിത്രം വലിയ നിര്‍മാണ ചെലവ് ഉള്ളതായിരുന്നു. വളരെ ഗൗരവമുള്ള പ്ലോട്ടായിരുന്നു ചിത്രത്തിലേത്. അതുകൊണ്ട് തന്നെ കാലാപാനി ബോക്‌സ്ഓഫീസില്‍ വലിയ വിജയമായില്ല. മുതല്‍മുടക്ക് തിരിച്ചുപിടിക്കാന്‍ കാലാപാനിക്ക് സാധിച്ചില്ല. അതേസമയം, മോഹന്‍ലാലിന്റെ അവിസ്മരണീയമായ പ്രകടനം കാലാപാനിയില്‍ ആരാധകര്‍ കണ്ടു. മാത്രമല്ല മിനിസ്‌ക്രീനിലേക്ക് എത്തിയപ്പോള്‍ കാലാപാനി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 14 നാണ് ഹിറ്റ്‌ലര്‍ റിലീസ് ചെയ്തത്. കോമഡിയും ഇമോഷനും ഒരുപോലെ പ്രാധാന്യം നല്‍കിയ ഹിറ്റ്‌ലര്‍ കുടുംബ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഹിറ്റ്‌ലര്‍ ആ വര്‍ഷത്തെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി. മമ്മൂട്ടിയുടെ ഹിറ്റ്‌ലര്‍ ഷര്‍ട്ട് അടക്കം അക്കാലത്ത് ട്രെന്‍ഡിങ് ആയി. മമ്മൂട്ടിക്ക് പുറമേ മുകേഷ്, ശോഭന, വാണി വിശ്വനാഥ്, ജഗദീഷ്, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, സായ് കുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ഹിറ്റ്‌ലറില്‍ അഭിനയിച്ചത്. ഇന്നും കുടുംബപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രമാണ് ഹിറ്റ്‌ലര്‍. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ഹിറ്റ് കൂട്ടുകെട്ടിനെ മറികടന്നാണ് അന്ന് ഹിറ്റ്‌ലര്‍ ബോക്‌സ്ഓഫീസില്‍ വന്‍ വിജയം നേടിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :