നിഹാരിക കെ.എസ്|
Last Modified വ്യാഴം, 9 ജനുവരി 2025 (14:19 IST)
സിനിമ ചെയ്യാതെ വെറുതെ ഇരുന്നാൽ തനിക്ക് തുരുമ്പുപിടിക്കുമെന്ന് നടൻ മോഹൻലാൽ. 47 വർഷമായി താൻ സിനിമയിലാണ്. വർഷത്തിൽ 36 സിനിമ വരെ ചെയ്തിട്ടുണ്ട്. ജോലി ചെയ്തുകൊണ്ടേയിരിക്കുക എന്നത് പുതിയ കാര്യമല്ലെന്ന് പറഞ്ഞ അദ്ദേഹം, സത്യത്തിൽ വെറുതെയിരുന്നാൽ തനിക്കു തുരുമ്പു പിടിക്കുമെന്നും വ്യക്തമാക്കി. പിടിഐയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
ബറോസ് ചെയ്തത് സ്വന്തം ക്രിയാത്മകതയിലാണ്. മറ്റൊരു ചിത്രം സംവിധാനം ചെയ്യുമോ എന്ന് പറയാനാവില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. തന്റെ ജോലിയോട് തനിക്ക് ആത്മാർഥത ഉണ്ടെന്നും മോഹൻലാൽ പറഞ്ഞു. 'എന്റെ പ്രൊഫഷനോടുള്ള പാഷനാണ് എന്റെ ഊർജ്ജം. നിങ്ങൾ നിങ്ങളുടെ തൊഴിലിനെ ഇഷ്ടപ്പെടണം. അങ്ങനെയാണ് എന്റെ എല്ലാ ദിവസവും മനോഹരമാകുന്നത്. മികവുറ്റ അഭിനേതാക്കൾക്കും സംവിധായകർക്കുമൊപ്പം പ്രവർത്തിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അവരുടെ അനുഗ്രഹത്താലാണ് ഞാൻ വളർന്നത്. എന്റെ ജോലിയോട് എനിക്ക് ആത്മാർത്ഥതയുണ്ട്. ഞാനൊരു അഭിനേതാവാണ്. ക്രിയേറ്റിവിറ്റിയാണ് എന്റെ ഊർജ്ജം.'
'ഇത് സിനിമയിലെ എന്റെ 47ാമത്തെ വർഷമാണ്. സാധാരണയായി ഒരു സിനിമ ചെയ്ത് കഴിഞ്ഞതിന് ശേഷമാകും അടുത്ത സിനിമ ചെയ്യുക. പക്ഷേ അടുത്തിടെയായി എനിക്ക് ചില പ്രൊജക്റ്റുകൾ മാറ്റിവയ്‌ക്കേണ്ടതായി വരുന്നുണ്ട്. ഒരു വർഷത്തിൽ ഞാൻ 36 സിനിമ വരെ ചെയ്തിട്ടുണ്ട്. എനിക്ക് അത് പുതിയ കാര്യമല്ല. ഞാൻ വിശ്രമിക്കുകയാണെങ്കിൽ എനിക്ക് തുരുമ്പുപിടിക്കും.'- മോഹൻലാൽ പറഞ്ഞു.
'സംവിധായകനാവുക എന്നത് താൻ മുൻകൂട്ടി പ്ലാൻ ചെയ്ത കാര്യമല്ല. അപ്രതീക്ഷിതമായി സംഭവിച്ചുപൊയതാണ്. കഥ കേട്ടപ്പോൾ വ്യത്യസ്തമാണെന്ന് തോന്നി. ഞങ്ങൾ നിർമിക്കാം ആര് സംവിധാനം ചെയ്യും എന്നു ചോദിച്ചു. അപ്പോൾ ഞാൻ കഴിഞ്ഞ നാല് പതിറ്റാണ്ടിനെക്കുറിച്ചു ചിന്തിച്ചു. ഹൃദയത്തിൽ നിന്ന് ഒരു സമ്മാനം എന്നെ സ്‌നേഹിക്കുന്നവർക്കി തിരിച്ചുകൊടുക്കണം എന്ന് ആഗ്രഹിച്ചു. ബറോസ് പൂർണമായും എന്റെ കലാസൃഷ്ടിയാണ്. മറ്റൊരു സംവിധായകനേയും ഞാൻ അനുകരിച്ചിട്ടില്ല. ബറോസിന് ശേഷം മറ്റൊരു സിനിമ ഞാൻ സംവിധാനം ചെയ്യുമോ എന്ന് ചോദിച്ചാൽ എനിക്ക് ഉത്തരമില്ല.'- മോഹൻലാൽ കൂട്ടിച്ചേർത്തു.