നിഹാരിക കെ.എസ്|
Last Modified ഞായര്‍, 29 ഡിസംബര്‍ 2024 (15:16 IST)
ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാർക്കോ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രം ഇതിനോടകം 50 കോടിയിലധികം നേടി കഴിഞ്ഞു. ഇപ്പോൾ ശ്രദ്ധനേടുന്നത് ചിത്രത്തിന്റെ നിർമാതാവ് ഷെരീഫ് മുഹമ്മദിന്റെ പോസ്റ്റാണ്. മാർക്കോയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച തന്റെ മക്കളെക്കുറിച്ചാണ് ഷെരീഫിന്റെ പോസ്റ്റ്.
ചിത്രത്തിന്റെ പ്രധാനപ്പെട്ട റോളിൽ ഷെരീഫിന്റെ രണ്ട് മക്കളും അഭിനയിച്ചിട്ടുണ്ട്. മാർക്കോയുടെ കുടുംബത്തിലെ അംഗങ്ങളായാണ് കുട്ടികൾ എത്തുന്നത്. ഇരുവരേയും കൊല്ലുന്നതായാണ് ചിത്രത്തിലുള്ളത്. ഷൂട്ടിന് തയ്യാറെടുക്കുന്ന മകളുടെ ദൃശ്യങ്ങൾക്കൊപ്പമായിരുന്നു ഷെരീഫിന്റെ കുറിപ്പ്. വയലൻസ് നിറഞ്ഞ ചിത്രത്തിൽ അതിക്രൂരമായിട്ടാണ് ഈ കുട്ടികളെ കൊലപ്പെടുത്തുന്നതും.
'എന്റെ രാജകുമാരി അവളുടെ ആദ്യത്തെ സിനിമ അനുഭവം ആസ്വദിക്കുകയാണ്. മാന്ത്രിക ഭൂമി എന്നാണ് ഞാൻ പറയുക. എല്ലാവരുടേയും പിന്തുണയിലും കഠിനാധ്വാനത്തിലും ഞങ്ങൾക്ക് ബ്ലോക്ബസ്റ്റർ ഒരുക്കാനായി', എന്നാണ് ഷെരീഫ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. പ്രൊഡ്യൂസർ ഷെരീഫ് അണ്ണൻ രണ്ട് മക്കളേം വില്ലൻമാർക്ക് കൊല്ലാൻ ഇട്ട് കൊടുത്തിട്ടുണ്ട്, ഇങ്ങനെ ഒരു അപ്പനെ ആദ്യം കാണുകയാണ് എന്നൊക്കെയാണ് കമന്റുകൾ.