Rijisha M.|
Last Modified ചൊവ്വ, 18 ഡിസംബര്‍ 2018 (14:28 IST)
'ഒടിയൻ' സോഷ്യൽ മീഡിയകളിലും പ്രേക്ഷകരിലും ഒരുപോലെ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. വിവാദങ്ങളോടൊന്നും
മഞ്ജു വാര്യർ പ്രതികരിക്കാത്തതും ചർച്ചയായിരുന്നു. എന്നാൽ താരം ഇപ്പോൾ ഫേസ്‌ബുക്കിൽ വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്.
കാർമേഘങ്ങൾ തേങ്കുറിശ്ശിയുടെ മുകളിൽ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നെന്നും, വ്യാജ പ്രചരണങ്ങളെ അതിജീവിച്ച്
ഒടിയൻ മുന്നേറി അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ എന്നും മഞ്ജു ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
ഒടിയനെക്കുറിച്ച് കേൾക്കുന്ന നല്ല വാക്കുകൾക്കും അഭിപ്രായങ്ങൾക്കും നന്ദി. ആദ്യ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒടിയൻ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം. കാർമേഘങ്ങൾ തേങ്കുറിശ്ശിയുടെ മുകളിൽ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ പലയിടങ്ങളിൽ നിന്നായി അറിഞ്ഞു. ഒരു പാട് പേർ അഭിനന്ദിച്ചു. വിമർശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാൻ ദിവസം ചെല്ലുന്തോറും ആൾത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവർക്കും നന്ദി. ഇനിയും ഒടിയൻ കാണാത്തവർ, കാണണം എന്ന് അഭ്യർഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയൻ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ!