തിലകന്‍ മമ്മൂട്ടിക്കെതിരെ തിരിഞ്ഞതാണ് അന്ന് ദിലീപിനെ പ്രകോപിപ്പിച്ചത്; 'അമ്മ' മീറ്റിങ്ങില്‍ സംഭവിച്ചത്

എനിക്ക് ഭയങ്കര വിഷമായി. പിന്‍ ഡ്രോപ്പ് സൈലന്റ് ആയി. ഞാന്‍ ചാടിയെഴുന്നേറ്റ് തിലകന്‍ ചേട്ടന്റെ നേരെ വിരല്‍ ചൂണ്ടി സംസാരിച്ചു

രേണുക വേണു| Last Modified ശനി, 6 ഏപ്രില്‍ 2024 (17:01 IST)


മലയാള സിനിമയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച പോരാണ് താരസംഘടനയായ അമ്മയും നടന്‍ തിലകനും തമ്മില്‍ മാസങ്ങളോളം നടന്നത്. അമ്മ തിലകനെ വിലക്കുകയും സൂപ്പര്‍താരങ്ങള്‍ക്കെതിരെ വരെ തിലകന്‍ ആ സമയത്ത് രംഗത്തെത്തുകയും ചെയ്തിരുന്നു. നടന്‍ ദിലീപിനെതിരെയും അന്ന് തിലകന്‍ രൂക്ഷ ഭാഷയില്‍ സംസാരിച്ചിരുന്നു. അക്കാലത്ത് അമ്മ ജനറല്‍ ബോഡി യോഗത്തില്‍വച്ച് തിലകനെതിരെ താന്‍ സംസാരിച്ച സംഭവത്തെ കുറിച്ച് പിന്നീട് ദിലീപ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

'അമ്മ-ചേംബര്‍ യുദ്ധം നടക്കുന്ന സമയം. ഒരു എഗ്രിമെന്റിന്റെ പേരിലായിരുന്നു ഈ തര്‍ക്കം. എഗ്രിമെന്റുമായി ബന്ധപ്പെട്ട് ആറ് മാസക്കാലം വഴക്ക് നടന്നു. അന്ന് തിലകന്‍ ചേട്ടന്‍ അമ്മയുടെ നിലപാടിന് എതിരായിരുന്നു. അങ്ങനെയിരിക്കെ നടന്ന അമ്മയുടെ ജനറല്‍ ബോഡിയില്‍ മമ്മൂക്കയൊക്കെയാണ് (മമ്മൂട്ടി) ഈ വിഷയം സംസാരിച്ചത്. അന്നത്തെ ജനറല്‍ ബോഡിയിലേക്ക് തിലകന്‍ ചേട്ടന്‍ പൊലീസുമായി എത്തി. തനിക്കെതിരെ വധശ്രമത്തിനു സാധ്യതയുണ്ടെന്ന് അന്ന് തിലകന്‍ ചേട്ടന്‍ ആരോപിച്ചിരുന്നു. ഇത് കണ്ടപ്പോള്‍ എല്ലാവര്‍ക്കും വിഷമമായി. ആ സംഘടനയിലുള്ള എല്ലാവരും അദ്ദേഹത്തിനു മക്കളെ പോലെയാണ്. 'നിങ്ങളുടെ മക്കളാണ് ഞങ്ങളാണ്..നിങ്ങള്‍ ഞങ്ങള്‍ക്ക് അച്ഛനാണ്..' എന്നൊക്കെ പറഞ്ഞ് മമ്മൂക്ക അന്ന് സ്റ്റേജില്‍ പ്രസംഗിച്ചു. സംസാരിച്ചുകൊണ്ടിരിക്കെ മമ്മൂക്ക കരഞ്ഞുപോയി. ഉടനെ തിലകന്‍ ചേട്ടന്‍ ചാടിയെഴുന്നേറ്റു. മമ്മൂക്കയെ നോക്കി 'ഇത് കള്ളക്കണ്ണീര്‍ ആണ്, ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല' എന്നു പറഞ്ഞു,'

' എനിക്ക് ഭയങ്കര വിഷമായി. പിന്‍ ഡ്രോപ്പ് സൈലന്റ് ആയി. ഞാന്‍ ചാടിയെഴുന്നേറ്റ് തിലകന്‍ ചേട്ടന്റെ നേരെ വിരല്‍ ചൂണ്ടി സംസാരിച്ചു. ഞാന്‍ പറഞ്ഞു 'നിങ്ങളാണ് തെറ്റ് ചെയ്തത്, അതിന് ആ വലിയ മനുഷ്യനെതിരെ (മമ്മൂട്ടി) പറഞ്ഞ് ന്യായീകരിക്കരുത്,' എന്നെല്ലാം. എന്തൊക്കെയോ ഞാന്‍ പറഞ്ഞു, ഒന്നും ഓര്‍മയില്ല. അപ്പോള്‍ തിലകന്‍ ചേട്ടന്‍ എന്നെ അടിമുടി നോക്കി. എന്നെ ആരൊക്കെയോ പിടിച്ചുകൊണ്ടുപോയി. പിന്നീട് ഇതിനെ കുറിച്ച് രാത്രി ആലോചിച്ചപ്പോള്‍ എനിക്ക് വിഷമമായി. ഞാന്‍ അങ്ങനെയൊന്നും പറയാന്‍ പാടില്ലായിരുന്നു എന്ന് തോന്നി,' പഴയൊരു അഭിമുഖത്തില്‍ ദിലീപ് വെളിപ്പെടുത്തി.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :