മമ്മൂട്ടി വിളിച്ചിരുന്നെങ്കില്‍ സുരേഷ് ഗോപി ആ സിനിമയില്‍ അഭിനയിച്ചേനെ! സൂപ്പര്‍താരങ്ങളുടെ പിണക്കവും മലയാളികളുടെ നഷ്ടവും

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (13:17 IST)

എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പഴശ്ശിരാജ. മലയാളത്തിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ മുന്‍നിരയിലുള്ള ഈ ചിത്രം. മമ്മൂട്ടിയാണ് കേരള വര്‍മ പഴശ്ശിരാജയായി അഭിനയിച്ചത്. മമ്മൂട്ടിക്കൊപ്പം തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് തമിഴ് നടന്‍ ശരത് കുമാര്‍ ആണ്. പഴശ്ശിയുടെ വലംകൈ ആയ എടച്ചേന കുങ്കനെയാണ് ശരത് കുമാര്‍ അവതരിപ്പിച്ചത്. എന്നാല്‍, പഴശ്ശിരാജയില്‍ എടച്ചേന കുങ്കനായി അഭിനയിക്കാന്‍ ശരത് കുമാറിനെയല്ല ആദ്യം തീരുമാനിച്ചത്. അത് മറ്റൊരു സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു. അദ്ദേഹം ആ കഥാപാത്രത്തോട് നോ പറഞ്ഞപ്പോള്‍ അവസരം ശരത് കുമാറിനെ തേടിയെത്തി.

സുരേഷ് ഗോപിയെയാണ് എടച്ചേന കുങ്കന്‍ ആയി ആദ്യം തീരുമാനിച്ചിരുന്നത്. സുരേഷ് ഗോപി തന്റെ കരിയറില്‍ വേണ്ടന്നുവച്ച കഥാപാത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പഴശിരാജയിലെ എടച്ചേന കുങ്കന്‍ എന്ന ശക്തമായ വേഷം. മമ്മൂട്ടിയുമായുള്ള പിണക്കത്തെ തുടര്‍ന്നാണ് അന്ന് സുരേഷ് ഗോപി പഴശിരാജയോട് 'നോ' പറഞ്ഞത്. ആ സമയത്ത് മമ്മൂട്ടിയും സുരേഷ് ഗോപിയും അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ഒടുവില്‍ എടച്ചേന കുങ്കനായി അഭിനയിക്കാന്‍ സംവിധായകന്‍ ഹരിഹരന്‍ പ്രശസ്ത നടന്‍ ശരത് കുമാറിനെ വിളിക്കുകയായിരുന്നു. സുരേഷ് ഗോപി എടച്ചേന കുങ്കന്‍ ആകണമെന്ന് മമ്മൂട്ടിക്കും താല്‍പര്യമുണ്ടായിരുന്നു. സുരേഷ് ഗോപിയെ വിളിക്കാന്‍ സംവിധായകനോടും തിരക്കഥാകൃത്തിനോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മമ്മൂട്ടി നേരിട്ടുവിളിക്കാന്‍ തയ്യാറായില്ല. മമ്മൂട്ടി നേരിട്ടു വിളിച്ചിരുന്നെങ്കില്‍ സുരേഷ് ഗോപി പഴയ പിണക്കം മറന്ന് പഴശ്ശിരാജയില്‍ അഭിനയിച്ചേനെ!

സുരേഷ് ഗോപിയെ പഴശിരാജയിലേക്ക് വിളിച്ചിരുന്നതായി ഹരിഹരനും നേരത്തെ വെളിപ്പെടുത്തിയിരുന്നു. 'സുരേഷ് ഗോപിയെ സമീപിച്ചിരുന്നു. എന്നാല്‍, അദ്ദേഹം 'നോ' പറഞ്ഞു. അതോടെ ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തു. ആ കഥാപാത്രം ചെയ്തില്ലെങ്കില്‍ സുരേഷ് ഗോപിയുടെ കരിയറിലെ വലിയ നഷ്ടമാകും എന്നൊന്നും പറയില്ല. അദ്ദേഹത്തിനു അതിനും മികച്ച കഥാപാത്രങ്ങള്‍ ചിലപ്പോള്‍ കിട്ടുമായിരിക്കാം,' എന്നാണ് ഹരിഹരന്‍ വെളിപ്പെടുത്തിയത്.

സുരേഷ് ഗോപിയും മമ്മൂട്ടിയും തമ്മിലുള്ള പിണക്കവും ഇണക്കവും ഇങ്ങനെ


ഒരു കാലത്ത് മമ്മൂട്ടി-സുരേഷ് ഗോപി കോംബിനേഷന്‍ സിനിമകളെല്ലാം തിയറ്ററുകളില്‍ വലിയ ആരവം തീര്‍ത്തിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ്, ധ്രുവം, ന്യൂഡല്‍ഹി, ദ കിങ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, ഇരുവരും തമ്മില്‍ പിന്നീട് കടുത്ത ശത്രുതയിലായി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും തമ്മിലുള്ള പിണക്കം അവസാനിക്കുന്നത്. എന്നാല്‍, മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള പിണക്കത്തിന്റെ കാര്യം ഇപ്പോഴും മലയാള സിനിമാലോകത്തിനു വ്യക്തമായി അറിയില്ല.

അന്തരിച്ച നടന്‍ രതീഷിന്റെ മകളുടെ വിവാഹ വീഡിയോയില്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മില്‍ എത്രത്തോളം പിണക്കമുണ്ടായിരുന്നു എന്ന് വ്യക്തമാണ്. രതീഷിന്റെ മകളുടെ കല്യാണ ചടങ്ങിന് സുരേഷ് ഗോപിയും മമ്മൂട്ടിയും എത്തിയിരുന്നു. എന്നാല്‍, ഇരുവരും പരസ്പരം മിണ്ടിയില്ല. അന്ന് വിവാഹചടങ്ങിന് എത്തിയ സുരേഷ് ഗോപി മമ്മൂട്ടിയുടെ തോളില്‍ തട്ടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, സുരേഷ് ഗോപിയെ കണ്ട ഭാവം നടിക്കുന്നില്ല മമ്മൂട്ടി. തന്നെ മമ്മൂട്ടി ഒഴിവാക്കുകയാണെന്ന് മനസിലായപ്പോള്‍ സുരേഷ് ഗോപിയും പിന്‍വാങ്ങി. ആ പിണക്കം വര്‍ഷങ്ങളോളം നീണ്ടു.

ഒരിക്കല്‍ തിരുവനന്തപുരത്ത് സുരേഷ് ഗോപി നടത്തിയ വാര്‍ത്താസമ്മേളനവും ഏറെ വിവാദമായിരുന്നു. മമ്മൂട്ടിയുമായുള്ള പിണക്കത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ സുരേഷ് ഗോപിയോട് ചോദിച്ചു. തനിക്ക് മമ്മൂട്ടിയുമായി ഒരു പ്രശ്‌നമുണ്ടെന്നും ആ പ്രശ്‌നം കേട്ടാല്‍ പിണക്കത്തിന്റെ കാര്യം നിങ്ങള്‍ക്ക് വ്യക്തമാകുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാല്‍, തങ്ങള്‍ക്കിടയിലെ പിണക്കത്തിന്റെ കാര്യം വെളിപ്പെടുത്താന്‍ സുരേഷ് ഗോപി തയ്യാറായില്ല.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും മനസറിഞ്ഞ് കെട്ടിപ്പിടിച്ചാണ് തങ്ങളുടെ പിണക്കം അവസാനിപ്പിച്ചത്. നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളുടെ വിവാഹവേദിയായിരുന്നു അത്. ഗുരുവായൂരില്‍ നടന്ന ആ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും എത്തിയിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തി മമ്മൂട്ടി സുരേഷ് ഗോപിയെ കെട്ടിപിടിച്ചു. എല്ലാം പറഞ്ഞു തീര്‍ത്തു എന്നും തങ്ങളുടെ പിണക്കം തീര്‍ന്നെന്നും സഹപ്രവര്‍ത്തകരോട് രണ്ട് താരങ്ങളും ഒന്നിച്ചു പ്രഖ്യാപിച്ചു. ഇപ്പോള്‍ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :