രേണുക വേണു|
Last Modified ശനി, 2 ഒക്‌ടോബര്‍ 2021 (12:02 IST)
മോഹന്‍ലാലും സുരേഷ് ഗോപിയും അഭിനയിച്ച് സൂപ്പര്‍ഹിറ്റാക്കിയ പല സിനിമകളും ആദ്യമെത്തിയത് മമ്മൂട്ടിയുടെ അടുത്തേക്കാണ്. മമ്മൂട്ടി വേണ്ടന്നുവച്ചതോടെ അത്തരം കഥാപാത്രങ്ങള്‍ മോഹന്‍ലാലിലേക്കും സുരേഷ് ഗോപിയിലേക്കും എത്തി. അങ്ങനെയൊരു സൂപ്പര്‍ഹിറ്റ് ചിത്രമാണ് സുരേഷ് ഗോപിയെ നായകനാക്കി 1993 ല്‍ റിലീസ് ചെയ്ത ഏകലവ്യന്‍. രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് ആണ് ഏകലവ്യന്‍ സംവിധാനം ചെയ്തത്.
മമ്മൂട്ടിയെ മുന്നില്‍കണ്ടാണ് രഞ്ജി പണിക്കര്‍ ഏകലവ്യന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയത്. സിനിമയെ കുറിച്ച് രഞ്ജി പണിക്കര്‍ മമ്മൂട്ടിയോട് പറയുകയും ചെയ്തു. എന്നാല്‍, കഥ കേട്ട ശേഷം മമ്മൂട്ടി അതിനോട് നോ പറയുകയായിരുന്നു. എന്തോ തെറ്റിദ്ധാരണയുടെ പുറത്താണ് മമ്മൂട്ടി ഏകലവ്യന്‍ നിരസിച്ചതെന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്. അങ്ങനെയാണ് സുരേഷ് ഗോപി ഏകലവ്യനില്‍ നായകനാകുന്നത്.
സുരേഷ് ഗോപിക്ക് പുറമെ സിദ്ധിഖ്, ഗീത, നരേന്ദ്ര പ്രസാദ്, വിജയരാഘവന്‍, ഗണേഷ് കുമാര്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരും ഏകലവ്യനില്‍ അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിക്ക് സൂപ്പര്‍സ്റ്റാര്‍ പരിവേഷം നല്‍കുന്നതില്‍ ഏകലവ്യന്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.