ജോര്‍ജി സാം|
Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (11:31 IST)
രാജാവിന്‍റെ മകന്‍ എന്ന സിനിമയില്‍ ആദ്യം നായകനായി മമ്മൂട്ടിയെയാണ് ആലോചിച്ചിരുന്നതെന്നത് അറിയാമല്ലോ. തമ്പി കണ്ണന്താനമായിരുന്നു ചിത്രത്തിന്‍റെ സംവിധായകനും നിര്‍മ്മാതാവും. മമ്മൂട്ടിയുടെ അക്കാലത്തെ ഏറ്റവും അടുത്ത സുഹൃത്തും തമ്പിയായിരുന്നു.
എന്നാല്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ സൃഷ്ടിക്കുന്ന തമ്പിക്ക് പുതിയ ചിത്രത്തിന് ഡേറ്റ് കൊടുക്കാന്‍ മമ്മൂട്ടി തയ്യാറായില്ല. പല തവണ ഇക്കാര്യത്തിനായി തമ്പി സമീപിച്ചെങ്കിലും ‘നോ’ എന്ന നിലപാടായിരുന്നു മമ്മൂട്ടി സ്വീകരിച്ചത്.
മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ചിന്തിച്ചാല്‍ അക്കാര്യം ശരിയാണെന്നും കാണാം. തന്‍റെ കരിയറില്‍ വിജയങ്ങള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന സമയത്ത് പരാജയപ്പെട്ട ഒരു സംവിധായകന് വീണ്ടും ഡേറ്റ് നല്‍കുന്ന കാര്യം മമ്മൂട്ടിക്ക് അന്ന് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല.
'ആ നേരം അല്‍പ്പദൂരം’ എന്ന അതിനുമുമ്പുള്ള തമ്പി ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ആ സിനിമയുടെ പരാജയത്തോടെ തമ്പിക്ക് ഇനി ഡേറ്റ് കൊടുക്കേണ്ടതില്ലെന്നായിരുന്നു മമ്മൂട്ടിയുടെ തീരുമാനം. മമ്മൂട്ടി കടുത്ത നിലപാട് സ്വീകരിച്ചതോടെ ഡെന്നിസ് ജോസഫ് എഴുതിയ രാജാവിന്‍റെ മകന്‍ എന്ന തിരക്കഥയുമായി തമ്പി കണ്ണന്താനം മോഹന്‍ലാലിനെ സമീപിച്ചു. മോഹന്‍ലാല്‍ ഡെറ്റ് നല്‍കുകയും രാജാവിന്‍റെ മകന്‍ മെഗാഹിറ്റാകുകയും ചെയ്തു. ആ സിനിമയിലൂടെ മോഹന്‍ലാല്‍ സൂപ്പര്‍താരമായി മാറി.
എന്നാല്‍ ഇക്കാരണം കൊണ്ട് മമ്മൂട്ടിയുടെ അന്നത്തെ തീരുമാനം തെറ്റായിരുന്നു എന്ന് പറയാന്‍ കഴിയില്ല. തന്‍റെ മുന്നില്‍ വരുന്ന എല്ലാ തിരക്കഥകളോടും ‘യെസ്’ പറയാന്‍ ഒരു താരത്തിനുമാവില്ല. ഒരു പ്രൊജക്ടില്‍ സൈന്‍ ചെയ്യുന്നതിന് മുമ്പ് പല കാര്യങ്ങള്‍ ആലോചിക്കും. മമ്മൂട്ടിയും അതുമാത്രമാണ് ചെയ്തത്.
മമ്മൂട്ടിയുടെ ആ തീരുമാനം കൊണ്ട് തമ്പി കണ്ണന്താനത്തിന് ദോഷം ഒന്നും ഉണ്ടായില്ല. പക്ഷേ, പിന്നീടൊരിക്കലും ഒരു തമ്പി കണ്ണന്താനം - മമ്മൂട്ടി പ്രൊജക്‍ട് സംഭവിച്ചില്ല.