സുബിന്‍ ജോഷി|
Last Modified ചൊവ്വ, 4 ഫെബ്രുവരി 2020 (15:31 IST)
മമ്മൂട്ടിയുടെ അടുത്ത സുഹൃത്താണ് സംവിധായകന്‍ ടി എസ് സുരേഷ്‌ബാബു. കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, സ്റ്റാലിന്‍ ശിവദാസ് തുടങ്ങിയ മമ്മൂട്ടിഹിറ്റുകളുടെ സംവിധായകന്‍. ‘ഉപ്പുകണ്ടം ബ്രദേഴ്‌സ്’ എന്ന വമ്പന്‍ ഹിറ്റിന് ശേഷം ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ വീണ്ടും ഒരു സിനിമ ചെയ്യാന്‍ സുരേഷ്‌ബാബു ആഗ്രഹിച്ചു. ജോസി വാഗമറ്റം എഴുതിയ ‘പാളയം’ എന്ന നോവല്‍ അക്കാലത്ത് മനോരമ ആഴ്‌ചപ്പതിപ്പില്‍ വലിയ ഹിറ്റായിരുന്നു. ലോറിക്കാരന്‍ നോബിള്‍ എന്ന നായക കഥാപാത്രത്തിന് ഏറെ ആരാധകര്‍ ഉണ്ടായിരുന്ന സമയം. സുരേഷ്‌ബാബു പോയി അതിന്‍റെ അവകാശം വാങ്ങി. ഡെന്നിസ് ജോസഫിനെ തിരക്കഥ എഴുതാന്‍ ഏല്‍പ്പിച്ചു.
ഡെന്നിസ് തിരക്കഥയെഴുതി. നോബിളായി മനോജ് കെ ജയനെ നിശ്ചയിച്ചു. സുഹൃത്ത് ശിവന്‍കുട്ടിയായി രതീഷിനെ തീരുമാനിച്ചു. നായികയായി ഉര്‍വശി വന്നു. നോബിളിന്‍റെ അമ്മയായി ശ്രീവിദ്യയും അഭിനയിച്ചു. മനോജ് കെ ജയന്‍റെ അച്ഛന്‍ കഥാപാത്രത്തിന് സിനിമയുടെ ഫ്ലാഷ്‌ബാക്കില്‍ വലിയ പ്രാധാന്യമുണ്ട്. ക്രിസ്റ്റി എന്നുപേരുള്ള ആ കഥാപാത്രമായി മമ്മൂട്ടി അഭിനയിച്ചാല്‍ നന്നായിരിക്കുമെന്ന് ടി എസ് സുരേഷ്‌ബാബുവിന് തോന്നി. എന്നാല്‍ മമ്മൂട്ടിക്ക് അപ്പോള്‍ ആ സിനിമയില്‍ അഭിനയിക്കാനുള്ള ഡേറ്റുണ്ടായിരുന്നില്ല. ഒരുപാട് ആലോചിച്ചിട്ടും ഡേറ്റ് അഡ്‌ജസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.
എന്നാല്‍ മമ്മൂട്ടിക്ക് പകരം മറ്റൊരു താരത്തെ ആ കഥാപാത്രമായി ആലോചിക്കാന്‍ സുരേഷ്‌ബാബുവിനും മനസുവന്നില്ല. അപ്പോഴാണ് ‘സ്റ്റോക്ക് ഷോട്ട്‌സ്’ ഉപയോഗിക്കാം എന്ന ഐഡിയ ലഭിക്കുന്നത്. മറ്റേതെങ്കിലും സിനിമയ്‌ക്ക് വേണ്ടിയോ സ്വകാര്യ ചടങ്ങുകള്‍ക്കുവേണ്ടിയോ ഷൂട്ട് ചെയ്യപ്പെട്ട, എന്നാല്‍ മറ്റെവിടെയും ഉപയോഗിച്ചിട്ടില്ലാത്ത മമ്മൂട്ടിയുടെ ഷോട്ടുകള്‍ കണ്ടെത്തി ഉപയോഗിക്കാന്‍ തീരുമാനിച്ചു. അതിന് മമ്മൂട്ടി അനുവാദവും കൊടുത്തു.
അങ്ങനെയാണ് പാളയത്തിന്‍റെ ഫ്ലാഷ്‌ബാക്ക് സീനുകളില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ മമ്മൂട്ടി പാളയത്തില്‍ അഭിനയിച്ചിട്ടില്ല. മമ്മൂട്ടിയുടെ സ്റ്റോക്ക് ഷോട്ട്‌സ് ഉപയോഗിച്ചതോടെ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളുടെ പട്ടികയില്‍ പാളയവും ഇടം പിടിച്ചു എന്നതാണ് വസ്തുത.