രേണുക വേണു|
Last Modified തിങ്കള്‍, 5 ജൂലൈ 2021 (16:37 IST)
തെലുങ്ക് സിനിമയില്‍ വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി വാങ്ങുന്നത് വന്‍ പ്രതിഫലമെന്ന് സൂചന. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന 'ഏജന്റ്' എന്ന ത്രില്ലര്‍ ചിത്രത്തിലാണ് മമ്മൂട്ടി വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതേ കുറിച്ച് മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. യുവതാരം അഖില്‍ അക്കിനേനിയുടെ വില്ലനാകാന്‍ മമ്മൂട്ടി സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ടുകള്‍. വക്കന്‍തം വംസിയാണ് സിനിമയുടെ തിരക്കഥ.
നായകനൊപ്പം നില്‍ക്കുന്ന വില്ലന്‍ വേഷമാണ് മമ്മൂട്ടിക്കായി സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്നാണ് വാര്‍ത്ത. സ്പൈ ത്രില്ലറായാണ് സിനിമ ഒരുക്കുന്നത്. സീരിസായാണ് സിനിമ പുറത്തിറങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, മലയാളത്തില്‍ ഒരുപിടി ചിത്രങ്ങള്‍ മമ്മൂട്ടിയുടേതായി ഒരുങ്ങുന്നുണ്ട്. ഈ തിരക്കിനിടയില്‍ മമ്മൂട്ടി തെലുങ്ക് ചിത്രത്തിന് ഡേറ്റ് നല്‍കുമോ എന്നാണ് ആരാധകരുടെ സംശയം. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും മമ്മൂട്ടി നേരത്തെ അഭിനയിച്ചിട്ടുണ്ട്.
തെലുങ്ക് ചിത്രത്തില്‍ വില്ലനായി അഭിനയിക്കാന്‍ മമ്മൂട്ടി വന്‍ പ്രതിഫലം വാങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. ഈ മാസം തന്നെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്. ടോളിവുഡ് മാധ്യമമായ ടോളിവുഡ് ഡോട് നെറ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം മൂന്ന് കോടി രൂപയാണ് ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രതിഫലം.