ലോകേഷ് കനകരാജ് ചിത്രത്തില്‍ രജനിക്കൊപ്പം മമ്മൂട്ടിയും !

നെല്‍സണ്‍ ദിലീപ്കുമാര്‍ ചിത്രം ജയിലറില്‍ രജനിയുടെ വില്ലനായി ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെയാണ്

രേണുക വേണു| Last Modified വെള്ളി, 10 നവം‌ബര്‍ 2023 (10:26 IST)

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'തലൈവര്‍ 171' ല്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഭാഗമായേക്കും. അതിഥി വേഷത്തില്‍ ആകും മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുകയെന്നാണ് തമിഴ് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മമ്മൂട്ടിയുടെ ഡേറ്റിനായി ലോകേഷ് നേരിട്ട് താരത്തെ ബന്ധപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. രജനികാന്തിന്റെ ആവശ്യപ്രകാരമാണ് 'തലൈവര്‍ 171' ലേക്ക് മമ്മൂട്ടിയെ കൂടി പരിഗണിക്കുന്നത്.

അതേസമയം ബിഗ് ബജറ്റ് സിനിമകളില്‍ അടക്കം അഭിനയിക്കേണ്ടതിനാല്‍ മമ്മൂട്ടി രജനി ചിത്രത്തോട് യെസ് പറയുമോ എന്ന സംശയത്തിലാണ് സിനിമാലോകം. വൈശാഖ് ചിത്രം ടര്‍ബോയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിനുശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാകും. ഫഹദ് ഫാസില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഫഹദും കുഞ്ചാക്കോ ബോബനും അഭിനയിക്കുന്നുണ്ട്. ഈ തിരക്കുകള്‍ക്കിടയില്‍ മമ്മൂട്ടി രജനി ചിത്രത്തിനു കൂടി ഡേറ്റ് കൊടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

നെല്‍സണ്‍ ദിലീപ്കുമാര്‍ ചിത്രം ജയിലറില്‍ രജനിയുടെ വില്ലനായി ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെയാണ്. പിന്നീട് ഈ വേഷം വിനായകന് നല്‍കുകയായിരുന്നു. വില്ലന്‍ വേഷം ചെയ്യാന്‍ മമ്മൂട്ടി സമ്മതം അറിയിച്ചതിനു ശേഷമാണ് കാസ്റ്റില്‍ മാറ്റം വരുത്തിയത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു സൂപ്പര്‍താരത്തെ വില്ലന്‍ വേഷത്തില്‍ കാസ്റ്റ് ചെയ്താല്‍ അത് സിനിമയ്ക്ക് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് രജനി തന്നെ ഇടപെട്ട് മമ്മൂട്ടിയെ മാറ്റിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :