രേണുക വേണു|
Last Modified ബുധന്‍, 21 ഫെബ്രുവരി 2024 (15:09 IST)
തുടര്‍ പരാജയങ്ങളുടെ സമയത്ത് മമ്മൂട്ടി ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെട്ടിരുന്നത് ബോക്‌സ്ഓഫീസ് കണക്കുകളുടെ പേരിലാണ്. അതിലൊന്നായിരുന്നു ഓവര്‍സീസില്‍ 2 മില്യണ്‍ ഗ്രോസ് ഇല്ലാത്തത്. പ്രണവ് മോഹന്‍ലാല്‍ ചിത്രം 'ഹൃദയം' തിയറ്ററുകളില്‍ വന്‍ വിജയമായ സമയത്ത് ട്രോളുകളില്‍ നിറഞ്ഞത് മമ്മൂട്ടിയായിരുന്നു. 'ഇന്നലെ വന്ന പ്രണവിനു പോലും ഓവര്‍സീസില്‍ 2 മില്യണ്‍ ആയി, അരനൂറ്റാണ്ടോളം സിനിമയില്‍ ഉണ്ടായിട്ടും മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഒരു മില്യണ്‍ പോലും ഇല്ല' എന്നായിരുന്നു ട്രോളുകള്‍. ഇപ്പോള്‍ ഇതാ ഹേറ്റേഴ്‌സിനെല്ലാം ബോക്‌സ്ഓഫീസ് കണക്കുകള്‍ കൊണ്ട് മറുപടി നല്‍കുകയാണ് മമ്മൂട്ടി.
ഓവര്‍സീസില്‍ 2 മില്യണ്‍ ഗ്രോസ് നേടുന്ന അഞ്ചാമത്തെ മമ്മൂട്ടി ചിത്രമായിരിക്കുകയാണ് ഭ്രമയുഗം. സിബിഐ 5 ദി ബ്രെയിന്‍, ഭീഷ്മ പര്‍വ്വം, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് ഓവര്‍സീസില്‍ 2 മില്യണ്‍ തൊട്ട മറ്റു മമ്മൂട്ടി ചിത്രങ്ങള്‍. 4.74 മില്യണ്‍ ഗ്രോസ് നേടിയ ഭീഷ്മ പര്‍വ്വമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും മുന്നില്‍. റിലീസ് ചെയ്തു ആറ് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഭ്രമയുഗം ഓവര്‍സീസില്‍ 2.2 മില്യണ്‍ ഗ്രോസില്‍ എത്തിയിരിക്കുന്നത്. ഇപ്പോഴും ചിത്രത്തിനു വന്‍ തിരക്കാണ് ഓവര്‍സീസില്‍ ഉള്ളത്.
അതേസമയം ഭ്രമയുഗത്തിന്റെ ആഗോള കളക്ഷന്‍ 30 കോടി കടന്നു. റിലീസ് ചെയ്ത് നാലാം ദിവസമാണ് ഈ നേട്ടം സ്വന്തമാക്കിയത്. മലയാളത്തിനു പുറമേ മറ്റു ഭാഷകളില്‍ കൂടി ചിത്രം എത്തിയാല്‍ ബോക്‌സ്ഓഫീസില്‍ വന്‍ നേട്ടം സ്വന്തമാക്കാമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. കൊടുമണ്‍ പോറ്റിയെന്ന വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. രാഹുല്‍ സദാശിവനാണ് സംവിധാനം.