BIJU|
Last Modified തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (19:32 IST)
അത് സിനിമാക്കാര്‍ക്കിടയില്‍ പരക്കെയുള്ള ഒരു വിശ്വാസമാണ്. മമ്മൂട്ടിയുടെ സെന്‍റിമെന്‍റ്സ് സീനുകള്‍ സിനിമയിലുണ്ടെങ്കില്‍ പടം വമ്പന്‍ ഹിറ്റാകും. ക്ലൈമാക്സില്‍ മമ്മൂട്ടിയുടെ കണ്ണുകള്‍ നിറയുന്ന രംഗങ്ങള്‍ ഉണ്ടെങ്കില്‍ ആ സിനിമ തരംഗം തന്നെ സൃഷ്ടിക്കും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി അതാണ് മലയാള സിനിമയിലെ ഒരു രീതി.
ക്ലൈമാക്സില്‍ മമ്മൂട്ടിയുടെ കണ്ണൊന്ന് കലങ്ങിയപ്പോള്‍ 'കഥ പറയുമ്പോള്‍' എന്ന സിനിമയ്ക്ക് എന്ത് സംഭവിച്ചു എന്ന് നമ്മള്‍ കണ്ടതാണ്. ക്ലൈമാക്സ് വരെ വെറും സാധാരണ സിനിമയായിരുന്ന കഥ പറയുമ്പോള്‍ ക്ലൈമാക്സില്‍ മമ്മൂട്ടി കരഞ്ഞതോടെ മെഗാഹിറ്റായി മാറുകയായിരുന്നു. മമ്മൂട്ടി കരഞ്ഞാല്‍ പടം ഹിറ്റാകും എന്നതിന് ഒരു കാരണം കൂടിയുണ്ട്.
കേരളത്തിലെ എല്ലാ കുടുംബങ്ങളുടെയും ഏറ്റവും പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. ഒരു കുടുംബാംഗത്തേപ്പോലെ ഏവര്‍ക്കും പ്രിയപ്പെട്ടവന്‍. ആ മമ്മൂട്ടി കരഞ്ഞാല്‍ സ്ത്രീകളും കുട്ടികളും കരയുമെന്ന് തീര്‍ച്ച. അതോടെ പടം ഫാമിലി ഹിറ്റായി മാറുന്നു.
കഥ പറയുമ്പോള്‍, അമരം, പപ്പയുടെ സ്വന്തം അപ്പൂസ്, വാത്സല്യം, സന്ദര്‍ഭം, തനിയാവര്‍ത്തനം, കാഴ്‌ച, കൗരവര്‍ തുടങ്ങി എത്രയെത്ര ഉദാഹരണങ്ങള്‍. ഹൃദയം അലിയിപ്പിക്കുന്ന വൈകാരികരംഗങ്ങള്‍ ഇത്രയും ഗംഭീരമാക്കുന്ന മറ്റൊരു നടന്‍ മലയാളത്തില്‍ ഇല്ലെന്നുതന്നെ പറയാം!