നിഹാരിക കെ എസ്|
Last Modified ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (14:46 IST)
പത്മരാജൻ മലയാളത്തിന് സമ്മാനിച്ച നടനാണ് റഹ്‌മാൻ. കൂടെവിടെ എന്ന ചിത്രത്തിലൂടെ റഹ്‌മാൻ മലയാളികളുടെ മനസ്സിൽ ചേക്കേറി. തൊണ്ണൂറുകളിൽ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം താരമൂല്യം ഉള്ള നടനായിരുന്നു റഹ്‌മാൻ. എന്നാൽ, കരിയറിൽ വേണ്ടവിധം തിളങ്ങാൻ സാധിച്ചില്ല. ഇപ്പോൾ രണ്ടാം വരവിൽ അദ്ദേഹത്തിന് മികച്ച വേഷങ്ങൾ ലഭിക്കുന്നുണ്ട്. മമ്മൂട്ടി-റഹ്‌മാൻ കൂട്ടുകെട്ട് ഹിറ്റായിരുന്നു. മമ്മൂട്ടിയെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് റഹ്‌മാൻ.
മമ്മൂട്ടി തനിക്ക് സഹോദരനെ പോലെ ആണെന്നും ചേട്ടനെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ അദ്ദേഹത്തിന്റെ മുഖമാണ് മനസിലേക്ക് വരികയെന്നും റഹ്‌മാൻ പറയുന്നു. സിനിമ തുടങ്ങിയത് മുതൽ മമ്മൂട്ടിയെ ആണ് കൂടുതൽ 'ചേട്ടൻ' എന്ന് വിളിച്ചിട്ടുള്ളത്. വിളിച്ച് വിളിച്ച് യഥാർത്ഥ ജീവിതത്തിലും അദ്ദേഹം തനിക്ക് ചേട്ടനായെന്ന് റഹ്‌മാൻ പറയുന്നു. സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റഹ്‌മാൻ.
'എന്റെ ചേട്ടനായാണ് ഞാൻ മമ്മൂക്കയെ കാണുന്നത്. ചുമ്മാ പറയുന്നതല്ല. ഞാൻ അദ്ദേഹത്തെ ഇക്കായെന്ന് വിളിച്ചിട്ടുണ്ട്, ചേട്ടായെന്ന് വിളിച്ചിട്ടുണ്ട്. അങ്ങനെയാണ് ഞാൻ അദ്ദേഹത്തിന്റെ കൂടെ വളർന്നത്. അതൊക്കെ എന്റെ ചെറുപ്രായത്തിലാണ്. അങ്ങനെ വിളിച്ച് വിളിച്ച് അദ്ദേഹം എനിക്കൊരു ചേട്ടനെ പോലെയായി. ഇച്ചാക്കയുടെ കൂടെ അഭിനയിക്കാൻ ഇതിനു മുൻപും എനിക്ക് അവസരങ്ങൾ വന്നിട്ടുണ്ട്, അന്നൊക്കെ ഞാൻ നോ പറയുകയായിരുന്നു. എനിക്കും അദ്ദേഹത്തിനും നല്ല കഥാപാത്രം ആണെങ്കിൽ ഞാൻ ചെയ്യും', റഹ്‌മാൻ പറയുന്നു.