കോടതിയില്‍ നിന്നാണ് ഞാന്‍ വോയിസ് മോഡുലേഷന്‍ പഠിച്ചത്: മമ്മൂട്ടി

Mammootty, Megastar, Fazil, Sreenivasan, മമ്മൂട്ടി, മെഗാസ്റ്റാര്‍, ഫാസില്‍, ശ്രീനിവാസന്‍
അനില മഹേഷ്| Last Modified ബുധന്‍, 13 നവം‌ബര്‍ 2019 (16:41 IST)
ഒരു കഥാപാത്രം എങ്ങനെ സംസാരിക്കുന്നു എന്നതാണ് ആ കഥാപാത്രത്തിന്‍റെ വിജയത്തിലെ പ്രധാന ഘടകമായി മാറുന്നത്. വോയിസ് മോഡുലേഷന്‍ അതില്‍ പ്രധാന സംഗതിയാണ്. മമ്മൂട്ടിയുടെ കാര്യമെടുത്താല്‍, അദ്ദേഹത്തിന്‍റെ അഭിനയത്തില്‍ ശബ്‌ദനിയന്ത്രണത്തിനും ശബ്‌ദത്തിലെ ഭാവ വ്യതിയാനങ്ങള്‍ക്കും വലിയ പങ്കുണ്ട്.

രൂപത്തേക്കാള്‍ കൂടുതല്‍ ശബ്‌ദം കൊണ്ട് കഥാപാത്രങ്ങളെ പ്രേക്ഷകരുടെ മനസില്‍ അടയാളപ്പെടുത്തുന്ന നടനാണ് മമ്മൂട്ടി. മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, ഒരു വടക്കന്‍ വീരഗാഥ, അമരം, രാജമാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്, പൊന്തന്‍‌മാട, സൂര്യമാനസം, വിധേയന്‍, മൃഗയ, ദി കിംഗ്, കോട്ടയം കുഞ്ഞച്ചന്‍, ലൌഡ് സ്പീക്കര്‍, ദളപതി തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടി ശബ്‌ദത്തിലും തന്‍റെ മോഡുലേഷനിലും നടത്തിയിരിക്കുന്ന പരീക്ഷണങ്ങള്‍ ശ്രദ്ധിക്കുക.

"ഞാന്‍ കരുതുന്നത്, അത് ഞാന്‍ മനസിലാക്കിയത് കോടതിമുറികളില്‍ നിന്നാണ് എന്നാണ്. വലിയ ആള്‍ത്തിരക്കുള്ള കോടതിമുറികളില്‍ ജഡ്‌ജിക്ക് എല്ലാ കാര്യങ്ങളും വിശദമായി കേള്‍ക്കണമെങ്കില്‍ അഭിഭാഷകര്‍ പതിഞ്ഞ ശബ്ദത്തില്‍ സംസാരിച്ചാല്‍ പറ്റില്ല” - ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നു. സിനിമയിലെത്തുന്നതിന് മുമ്പ് ഏറെ തിരക്കുള്ള അഭിഭാഷകനായിരുന്നു മമ്മൂട്ടി. അന്നേ നടനാവാനുള്ള പരിശീലനം മമ്മൂട്ടി പല രീതിയില്‍ നടത്തിയിരുന്നു എന്നതിന് തെളിവാണിത്.

വോയിസ് മോഡുലേഷനില്‍ മമ്മൂട്ടി നടത്തുന്ന ഈ പരീക്ഷണങ്ങള്‍ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രം കണ്ടപ്പോഴാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാടും നടന്‍ ശ്രീനിവാസനും മനസിലാക്കിയത്. ശബ്‌ദനിയന്ത്രണത്തിലെയും വ്യതിയാനങ്ങളിലെയും മമ്മൂട്ടിയുടെ മികവ് മനസിലാക്കാന്‍ ആ ചിത്രം കാണണമെന്ന് മോഹന്‍ലാലിനോട് തങ്ങള്‍ നിര്‍ദ്ദേശിച്ചതായി സത്യനും ശ്രീനിയും പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :