അപർണ|
Last Modified ബുധന്‍, 18 ജൂലൈ 2018 (10:03 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ വിവാദങ്ങളുടെയും സമ്മർദ്ദങ്ങളുടെയും അടിസ്ഥാനത്തിൽ നടൻ ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ മാസം ഈ ഉത്തരവ് മരവിപ്പിച്ചതായി അമ്മ അറിയിച്ചിരുന്നു. ഇതോടെ വിവാദങ്ങൾ വീണ്ടും തലപൊക്കി.
ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് നാല് നടിമാർ അമ്മയിൽ നിന്നും രാജിവെച്ചു. ഇപ്പോഴിതാ, സംഭവത്തിൽ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് നടി മാല പാർവതി. ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്ന് മാല പാർവതി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
‘പുറത്താക്കും എന്നു പറഞ്ഞത് സത്യസന്ധമായിട്ടാണെങ്കിലും ആ തീരുമാനം പെട്ടെന്ന് തന്നെ മരവിപ്പിക്കുകയായിരുന്നു. പക്ഷേ അക്കാര്യം ആരെയും അറിയിച്ചില്ല. അവിടെയാണു സംഘടനയ്ക്കു തെറ്റുപറ്റിയത്. ആ തീരുമാനം മരവിപ്പിച്ചു തല്‍ക്കാലം അടുത്ത പൊതുയോഗത്തില്‍ ചര്‍ച്ചയാകാം എന്നു പോലും പറഞ്ഞിരുന്നില്ല.‘
അതോടൊപ്പം, നടിയുടെ കേസിൽ ദിലീപിനെ കുടുക്കിയതാണന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ആളുകളാണ് അമ്മയിൽ ഉള്ളതെന്ന് നടി പറയുന്നു. എന്തോ ഒരു അജണ്ടയുടെ ഭാഗമായി ദിലീപിനെ കുടുക്കിയതാണ്, മാധ്യമങ്ങള്‍ ദിലീപിനെ കുറിച്ച് കുറേ കാര്യങ്ങള്‍ മെനഞ്ഞുണ്ടാക്കുന്നതാണെന്നാണ് ഇവരുടെ വാദം. ആക്രമിക്കപ്പെട്ട നടി പോലും ദിലീപ് ആണ് ഇതു ചെയ്തതെന്നു പറഞ്ഞിട്ടില്ലല്ലോ...പിന്നെങ്ങനെ വിശ്വസിക്കും എന്നു ചിന്തിക്കുന്ന കുറേയധികം പേരുണ്ടെന്ന് മാല പാർവതി തുറന്നു പറയുന്നു.