'പൊറിഞ്ചു' ആകേണ്ടിയിരുന്നത് മമ്മൂട്ടി; സിനിമയ്ക്ക് പിന്നിൽ ചതി’; കാട്ടാളൻ പൊറിഞ്ചുവിന്റെ കഥ പുറത്തുവിട്ട് എഴുത്തുകാരി ലിസി

Last Modified ബുധന്‍, 21 ഓഗസ്റ്റ് 2019 (12:07 IST)
ജോജു, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസ്’ തന്റെ തിരക്കഥയെന്ന് എഴുത്തുകാരി ലിസി. വിലാപ്പുറങ്ങൾ എന്ന നോവലിലെ കഥാപാത്രങ്ങളാണ് പൊറിഞ്ചുവും മറിയവും ജോസുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ലിസി പറയുന്നു. തിരക്കഥ ഒത്തുനോക്കി ആരോപണം കോടതി തന്നെ തള്ളക്കളഞ്ഞതാണെന്ന് നേരത്തെ തന്നെ സിനിമയുടെ അണിയറക്കാര്‍ വ്യക്തമാക്കിയിരുന്നു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ഏറെ വേദനയോടെയാണ് ഈ കുറിപ്പെഴുതുന്നത്. വിലാപ്പുറങ്ങൾ എന്ന എന്റെ നോവൽ വായിച്ചവർ അതിലെ പനങ്കേറിമറിയത്തെയും കാട്ടാളൻപൊറിഞ്ചുവിനെയും പാണ്ടിജോസിനെയും ദയാലുവിനെയൊന്നും മറന്നിട്ടുണ്ടാകില്ല.

ഞാൻ ജനിക്കുന്നതിനു മുമ്പുള്ള വിമോചനസമരകാലഘട്ടവും അതിന്റെ രാഷ്ട്രീയ പശ്ചാത്തലവും ഒരു ഗവേഷണ കൗതുകത്തോടെ ഏറെ കാലം തിരഞ്ഞുനടന്ന് തൃശൂരിന്റെ പുരാവൃത്തങ്ങളിൽ നിന്നു ഈ നോവലെഴുതാനിരിക്കുമ്പോൾ ആ കാലഘട്ടത്തേയും രൂപകങ്ങളയും ആളുകളേയും അടയാളപ്പെടുത്തണമെന്നും എന്നാൽ ഫിക്ഷന്റെ എല്ലാ ചാരുതയും ചൈതന്യവും ജൈവികതയും എന്റെ കഥാപാത്രങ്ങൾക്കും കഥാസന്ദർഭണ്ങ്ങൾക്കും ഉണ്ടാവണമെന്ന നിർബ്ബന്ധത്താൽ ഒരു പാട് കാലം ഉള്ളിൽ കൊണ്ടു നടന്നു പാകപ്പെട്ടതിന് ശേഷമുള്ള കുത്തൊഴുക്കിലാണ് 'വിലാപ്പുറങ്ങൾ എന്ന നോവൽ പിറവിയെടുക്കുന്നത്.

ഈ നോവലിലെ ഓരോ കഥാപാത്രസൃഷ്ടിക്കു പിറകിലും സർഗ്ഗപിറവിയുടെ നോവും രൂപപ്പെടലിന്റെ കാത്തിരിപ്പുമേറെ അനുഭവിച്ചിട്ടുണ്ട്.

അതൊന്നും വെറുതെയായില്ലെന്ന് എന്റെ വായനക്കാരുടെ പ്രതികരണങ്ങളിൽ നിന്നും എം.ടി , സക്കറിയ ,സാറാ ജോസഫ് ,ആനന്ദ് ,അഷ്ടമൂർത്തി, എം.എം ബഷീർ, എം. കെ. സാനു ,ബാലചന്ദ്രൻവടക്കേടത്ത് തുടങ്ങിയ പ്രഗൽഭരുടെ വാക്കുകളിൽ നിന്നും സാക്ഷ്യപ്പെട്ടതുമാണ്.

ഇതെല്ലാം ഇത്രയും വിസ്തതിച്ചെഴുതിയത് 'പൊറിഞ്ചു മറിയം ജോസ്' എന്ന ജോഷി പടത്തിനു പിന്നിലെ ചതി നിങ്ങളെ അറിയിക്കാനാണ് ..എന്റെ നോവലിലെ കഥാപാത്രങ്ങളുടെ കോപ്പി റെയ്റ്റ് എങ്ങിനെ മറ്റൊരാൾക്കായി പോകുന്നുവെന്ന ഉൽക്കണ്ഠയും രോഷവും ഖേദവും നിങ്ങളുമായി പങ്കുവെക്കാനാണ്..

ഒരു പ്രതിഫലവും തരാതെ എഴുത്തുകാരിയെ കൊണ്ടു തന്നെ തിരക്കഥ പലരിതിയിലുമെഴുതിച്ച് അവർക്കാവശമുള്ളതെടുത്ത് നിർമ്മിക്കുന്ന പകൽകൊള്ളയുടെയും ചതിയുടേയും പേരാണോ , 'പൊറിഞ്ചു മറിയം ജോസ്' ?

2017 ലാണ് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷനു വേണ്ടി ഡേവിഡ് കാച്ചപ്പിള്ളിയും സംവിധായകൻ ടോം ഇമ്മട്ടിയും ഡാനി പ്രൊസ്കഷന്റെ ജോണി വട്ടക്കുഴിയും വിലാപ്പുറങ്ങളിലെ കാട്ടാളൻ പൊറിഞ്ചുവിനെ മുഖ്യകഥാപാത്രമാക്കി ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നു എന്നും അതിനും തിരക്കഥ എഴുതാമോ എന്നവാശ്യപ്പെട്ട് എന്നെ സമീപിക്കുന്നത്.

വെള്ളിത്തിരയിൽ സ്വന്തം കഥാപ്രാത്രങ്ങളെ കാണുന്നതിലുള്ള ഉദ്വേഗത്തേക്കാൾ , സിനിമ
ഒരഭിനിവേശമായി എന്നും ഉള്ളിലുള്ളതുകൊണ്ട് തിരക്കഥ എഴുതാമെന്നു സമ്മതിക്കുകയും ജോലിയുടെ വലിയ ഉത്തരവാദിത്വത്തിനിടയിലും പല രീതിയിൽ കഥാന്ത്യങ്ങൾ മാറ്റിയെഴുതിയും ചർച്ചയുമായി ഒരു വർഷത്തോളമെടുത്ത് തിരക്കഥ ഏതാണ്ട് പൂർത്തിയാവുകയും സിനിമ'കാട്ടാളൻ പൊറിഞ്ചു' എന്ന പേരിൽ ഫിലിം ചേബറിൽ 2018 ജനുവരിയിൽ ഡാനി പ്രൊഡക്ഷൻ രജിസ്റ്റർ ചെയ്യുകയും ,കാട്ടാളൻ പൊറിഞ്ചുവായി മമ്മുട്ടി എന്ന അനൗൺസ്മെന്റ് വെള്ളിനക്ഷത്രത്തിലും സോഷ്യൽ മീഡിയയിലും വന്നതുമാണ്. എന്നാൽ കരാറെഴുതുനതിനു മുമ്പുള്ള തർക്കത്തിൽ ഡാനി പ്രൊഡക്ഷ൯, ഡേവിഡ്കാച്ചപ്പിള്ളി പ്രൊഡക്ഷനുമായി സഹകരിക്കാൻ തയ്യാറല്ലെന്നറിയിച്ച്‌ പിൻ മാറുകയും അതേ തുടർന്ന് ടോം ഇമ്മട്ടി മറ്റൊരു പ്രോജക്റ്റിലേക്ക് പോവുകയും ചെയ്യുന്നു.

പുതിയ കഥയുമായി മറ്റൊരു പ്രോജക്ടാണ് ചെയ്യുന്നതെന്ന് വിശ്വസിപ്പിച്ച് ഞാനെഴുതി കൊടുത്ത 'കാട്ടാളൻ പൊറിഞ്ചു ' എന്ന തിരക്കഥയിലെ കഥയും കഥാപാത്രങ്ങളും സീനുകളും ഉപയാഗിച്ചാണ് ' പൊറിഞ്ചു മറിയം ജോസ്' ഇപ്പോൾ ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് , രചന നടത്തിയെന്ന് അവകാശപ്പെടുന്ന അഭിലാഷ് എൻ.ചന്ദ്രനും, ജോഷിയുടെ സംവിധാനത്തിൽ , കീർത്തന മൂവീസ് പുറത്തിറക്കുന്നത്.

എന്റെ 'കാട്ടാളൻ പൊറിഞ്ചു ' എന്ന തിരക്കഥയിലെ ഉള്ളടക്കവും പ്രധാന സന്ദർഭങ്ങളും ഇവിടെ പങ്കുവെയ്ക്കാം.

•പള്ളിപെരുന്നാളുംഅതിനോടനുബന്ധിച്ച അടിപിടിയും അതിന്റെ പ്രതികാരം അടുത്ത പെരുന്നാളിന് തീർക്കുന്നതാണ് കഥാസാരം.
•പ്രധാനപ്പെട്ട കഥപ്രാത്രങ്ങൾ കാട്ടാളൻ പെറിഞ്ചു ,പുത്തൻ പള്ളി ജോസ്, മറിയം ,കാട്ടാളന്റെ ഉററസ്റ്റേഹിതനായ മുതലാളി ,പള്ളിലച്ചൻ തുടങ്ങിയവർ
•പ്രധാന കഥാപാത്രമായ കാട്ടാളൻ പൊറിഞ്ചു ചട്ടമ്പിയും ഇറച്ചിവെട്ടുക്കാരനും ആരെയും തല്ലിയൊതുക്കുന്നവനും സ്വന്തം മുതലാളിക്കു വേണ്ടി എന്തും ചെയ്യാൻ തയ്യാമുള്ളവനുമാണ്
•കാട്ടാളന്റെ ഇൻട്രോ ക്വട്ടേഷൻ ടീമിനെ തല്ലിയൊതുക്കിയാണ്.
•കല്യാണം നടത്തി കൊടുക്കുന്നതിനായി ഉള്ളിൽ നിന്ന് അടച്ചിട്ട പള്ളിയുടെ മണിമേടയിലേക്ക് കയറി ചില്ലു വാതിൽ തകർത്ത് കുമ്പസാര കൂട്ടിൽ കെട്ടിയിട്ട അച്ചനെ കെട്ടഴിച്ച് വിടുന്ന കാട്ടാളൻ, ചട്ടമ്പിയാണെങ്കിലും മറുള്ളവരെ സഹായിക്കുന്നവനാണ് .
•വെട്ടാനുള്ള പോത്തിനെ ചുവന്ന മാലയണിച്ച് നഗര പ്രദക്ഷിണം വെക്കുന്ന കാട്ടാളൻ പൊറിഞ്ചു.
•കാട്ടാളന്റെ ഉററ സ്നേഹിതനാണ് പുത്തൻ പള്ളിജോസ്. നാടൻ പാട്ടുകളുമായി കളളുഷാപ്പിലും ചാരായഷാപ്പിലും കട്ടാളനൊപ്പം അടിച്ചു പൊളിക്കുന്നവൻ.
•ചട്ടയും മുണ്ടും ധരിച്ച് മദ്യം കഴിച്ച് മാർക്കററിലൂടെ പണം പലിശക്കു കൊടുക്കുന്നവളും കടയിലേക്ക് തന്റേടത്തോടെ വരുന്നവളുമായ നായികയായ മറിയ.
•അമ്പുതിരുനാളോടനുബന്ധിച്ച് ബാന്റുസെററിനൊപ്പം കള്ളടിച്ച് പുത്തൻ പള്ളി ജോസുമായി എന്നടീ റാക്കമ്മ . .പാട്ടിന് താളം ചവിട്ടുന്നവൾ .
•മറിയയെവർണ്ണിക്കുമ്പോൾ തൃശൂർ പൂരത്തിന് നില അവിട്ടുകളാ ഞങ്ങൾക്കുള്ളിൽ വിരിയാ.. എന്ന സീൻ
•കാട്ടാളൻ പൊറിഞ്ചുവിന് മറിയയോടുള്ള പ്രണയം .ഫാന്റസി സീനുകളിലുള്ള പ്രണയരംഗങ്ങൾ. പുത്തൻ പള്ളി ജോസിനെ വടിവാൾ കൊണ്ട് വെട്ടുന്ന ഗുണ്ടകൾ.സിനിമാതിയറററിലേക്ക് ഓടിക്കയുന്നതും ബാൽക്കണിയിൽ നിന്ന് ചാടുന്നതും ഒപ്പമ്മത്തി വെട്ടുന്നതും ഒരു പാട് വെട്ട് കൊണ്ട് വീണ് കിടക്കുമ്പോൾ ഗുണ്ടകളോട്, 'തീർത്തിട്ട് പോടാ..പൊലയാടി മക്കളെ..'എന്നു പറഞ്ഞ് ..മരിച്ചു വീഴുന്ന പുത്തൻ പള്ളി ജോസ്
•പുത്തൻ പള്ളി ജോസിന്റെ ശവസംസ്കാരയാത്ര
•അവസാന ഭാഗത്ത് പകരം വീട്ടലിന്റെ ഭാഗമായി പള്ളി പറമ്പിൽ ശൃംഗാരം അഭിനയിച്ച് കൂട്ടികൊണ്ടു പോകുന്ന മറിയ ,അവളുടെ പ്രതികാരം..

പലപ്പോഴായി അയച്ചുകൊടുത്ത തിരക്കഥകളുടെ ഇമെയിലുകളും അതിന്റെ ഹാർഡ് കോപ്പികളും ,മാതൃഭൂമി പ്രസിദ്ധീകരിച്ച വിലാപ്പുറങ്ങൾ നോവലും തെളിവായി ഹാജരാക്കിയിട്ടാണ് ഈ സിനിമാ ഷൂട്ടിംഗ് നിർത്തിവെക്കാനുള്ള തൽക്കാലിക നിരോധന ഉത്തരവ് (LA:834/2019 in O.S:03/2019 ) ലഭിക്കുന്നത്‌. എന്നിട്ടും കോടതിയെ ധിക്കരിച്ച്‌ പൊറിഞ്ചു മറിയം ജോസിന്റെ ഷൂട്ടിംഗ് അവർ തുടരുന്നുണ്ടായിരുന്നു. അത് കമ്മീഷൻ വന്ന് തെളിവെടുത്തതുമാണ്.

ഏറെ ഹിറ്റുകൾ സമ്മാനിച്ച ഒരു സീനിയർ സംവിധായകൻ എന്ന നിലയിൽ ജോഷിയിൽ നിന്ന് നീതിയും ഇടപെടലും പ്രതിക്ഷിച്ചതാണ് എന്നാൽ
സംവിധായകൻ എന്നോട് പറഞ്ഞത് , 'ഗാന്ധിജിയുടെയും നെഹ്റുവിന്റെയും സിനിമയെടുക്കാൻ ആരുടെയും അനുവാദം വേണ്ടല്ലോ' എന്നാണ്. അതുപോലെയാണത്ര കാട്ടാളൻ പൊറിഞ്ചുവും മറിയവും .(??) അവർ ജീവിച്ചിരുന്നവരാണെന്ന്.ഫോക്ക്ലോറാണെന്നും..
അങ്ങനെയെങ്കിൽ സാറാടീച്ചറുടെ പുതിയ നോവലിലെ ബുധിനിയെ ഇവരടിച്ചു മാറ്റുമോ? (ബുധിനി ഇപ്പോഴും ജീവിച്ചിരിക്കുന്നു.) പുരാണകഥാപാത്രമാണെന്ന് പറഞ്ഞ് എം ടി യുടെ രണ്ടാമൂഴത്തിലെ ഭീമനെ തൊടാൻ ഇവർ ധൈര്യപ്പെടുമോ?

എഴുത്തുകാരിയുടെ കോപ്പി റൈറ്റ് ആണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് . ഇവരെല്ലാം ജീവിച്ചിരുന്ന കഥാപാത്രങ്ങളാണന്ന വാദം സർഗസ്ഷ്ടിക്കു നേരെയുള്ള കടന്നു കയററമല്ലേ? അറിയപ്പെടാതെയും രേഖപ്പെടുത്താതെയും പോകുന്ന സാധാരണക്കാരുടെ ജീവിതവും വൈകാരികതയുമാണ് നോവൽ അടയാളപ്പെടുത്തുന്നത് .ആ കഥാപാത്രങ്ങൾക്ക് ജീവനുണ്ടെങ്കിൽ അത് നോവലിന്റെ വിജയമായി കാണണം .ആരുടേയും ബയോപിക് അല്ല ഞാൻ നോവലാക്കിയത്.-

ഈ സിനിമയിറക്കുന്നവർ ജീവിച്ചിരുന്നവരുടെ ബയോപിക് ആണോ എടുത്തിട്ടുള്ളത്? എന്റെ നോവലിറങ്ങുന്നതിനു മുമ്പ് എന്തു കൊണ്ട് ഈ ആശയം ഇവർക്ക് വന്നില്ല? കാട്ടാളൻ പൊറിഞ്ചു എന്ന സിനിമ ഫിലിം ചേബറിൽ( ഡാനി പ്രൊഡക്ഷൻസ് )രജിസ്റ്റർ ചെയ്തിരിക്കുമ്പോൾ എങ്ങിനെ അവർക്ക് ആ പേര് സിനിമയിൽ ഉപയോഗിക്കാനാകുന്നു.?

ചുരുക്കത്തിൽ പ്രതിഭയല്ല ഇവർക്ക് വേണ്ടത് . സിനിമാതമ്പുരാക്കന്മാരുടെ വാലാട്ടികളും ചെരിപ്പുനക്കികളുമായി അഞ്ചും പത്തും വർഷം നടക്കാതെ ഒരു സുപ്രഭാതത്തിൽ തിരക്കഥാകൃത്തുകളായി വരുകയോ? അതും ഒരു പെണ്ണ്? ഞങ്ങളിങ്ങനെ പല കള്ളങ്ങളും പറയും . വാക്കിന് വിലയോ മൂല്യങ്ങളോ (അതെന്താ ..അങ്ങാടി മരുന്നോ?) വേണ്ടി വന്നാൽ ഗുണ്ടായിസം വരെ കാണിക്കും .പ്രതിഫലം തരാതെ നോവലും തിരക്കഥയും അടിച്ചു മാറ്റും .സ്വാധീനവും പണവും ഉപയോഗിച്ച് ഞങ്ങൾ സിനിമയിറക്കും. ചതിയുടെ ആൾരൂപങ്ങൾക്ക് കള്ളം പറയുന്നതിനും അത് ന്യായികരിക്കുന്നതിനും വല്ല ഉളിപ്പുമുണ്ടോ? കണ്ടാമൃഗം തോററു പോകും ഇവരുടെ തൊലിക്കട്ടിയിൽ.

മറ്റുള്ളവരുടെ പ്രതിഭ നിർലജ്ജം അപഹരിക്കുന്ന എഴുത്തുകാരനോടും അപഹരിച്ച മൊതലുപയോഗിച്ച്‌ സിനിമ സംവിധാനം ചെയ്യുന്ന വലിയ സംവിധായകനോടും മററുള്ളവരെ വഞ്ചിച്ച് പ്രൊഡക്ഷൻ കുപ്പായമണിഞ്ഞ് നടക്കുന്ന ഉഡായിപ്പുകളോടും ഇതെല്ലാമറിഞ്ഞിട്ടും മൗനംകൊള്ളുന്ന കാശിറക്കുന്ന നിർമ്മാതാക്കളോടും ഒന്നേ പറയാനുള്ളൂ , എന്റെ കഥാപാത്രങ്ങളെയും അവരുടെ പഞ്ചുള്ള ക്വാറക്ടറുകളെയും ഒരു തല്ലു കൂട്ട് സിനിമയുടെ ഭാഗമാക്കി വികലമാക്കിയതിന് കാലവും വായനക്കാരും നിങ്ങൾക്കൊരിക്കലും മാപ്പ് തരില്ല എന്ന്.

തകിടം മറിഞ്ഞ നീതിബോധം എന്നെ അമ്പരപ്പിക്കുന്നുണ്ട് .അന്തിമവിധി വന്നിട്ടില്ലെങ്കിലും (അടുത്ത വാദം ആഗസ്റ്റ് 30 നാണ്) താൽക്കാലിക നിരോധന ഉത്തരവ് പിൻ വലിച്ചതുകൊണ്ട് അവർക്കിനി സിനിമ ഇറക്കാമല്ലോ.. അവർക്ക് വേണ്ടതും അതാണ്.എല്ലാ തെളിവുകളും പരിശോധിച്ചു കഴിയുമ്പോൾ നീതി കിട്ടുമെന്ന് എനിക്കുറപ്പുണ്ട്. .സാധാരണക്കാരുടെ ആശ്രയം നീതിന്യായ വ്യവസ്ഥ മാത്രമാണല്ലോ.

സിനിമാലോകത്ത് നീതി നിഷേധിക്കപ്പെട്ടതിന്റെയും ചതിക്കപ്പെട്ടതിന്റേയും അമർത്തപ്പെട്ട നിലവിളികൾ അനവധിയാണത്രേ! .പുറത്തുപറയുന്നവരെ അവരൊതുക്കി കളയുംപോലും. അപഹരിക്കൽ ഒരു കലയും അവകാശവുമായെണ്ണുന്ന പ്രതിഭയില്ലാത്ത ഇക്കൂട്ടരോട് ഇത്രയെങ്കിലും പ്രതികരിച്ചില്ലെങ്കിൽ സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാനാവാത്ത ഒരെഴുത്തുകാരിയുടെ ആത്മരോഷത്താൽ ഞാൻ ഉരുകി പോകുമെന്നതുകൊണ്ട് മാത്രം

ലിസി
20-08-2019

('കാട്ടാളൻ പൊറിഞ്ചു' തിരക്കഥയുടെ 21-09 - 2017 മുതൽ 29 -4 - 2018 വരെ അയച്ചുകൊടുത്ത പത്തോളം ഇ-മെയിലുകൾ , കൈയ്യെഴുത്തു പ്രതികൾ ,ഡി.ടി.പി ചെയ്ത ഹാർഡ് കോപ്പികൾ തെളിവിനായി എവിടേയും ഹാജരാക്കാൻ തയ്യാറാണ് .)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :