നിഹാരിക കെ.എസ്|
Last Modified ശനി, 15 ഫെബ്രുവരി 2025 (17:17 IST)
രമേഷ് പിഷാരടിയുടെ പ്രീമിയം കാർ പരാമർശത്തിൽ പ്രതികരണവുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. നിവിൻ പോളി നായകനായ ബോസ് ആൻഡ് കോ എന്ന സിനിമ താൻ പ്രീമിയം കാർ പോലെയാണ് എടുത്തത്, പക്ഷേ അതിന് 5 പൈസ പോലും കിട്ടാതെ ഇരിപ്പുണ്ട്. പ്രീമിയം കാർ എടുത്തു കഴിഞ്ഞാൽ അത് സെക്കന്റ് ഹാൻഡ് ആയി വിൽക്കുമ്പോൾ ഒരു വില കിട്ടും പക്ഷെ ബോസ് ആൻഡ് കോയ്ക്ക് ഒന്നും കിട്ടിയില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന സിനിമാനിർമാതാക്കളുടെ ആവശ്യത്തെ പരിഹസിച്ചായിരുന്നു രമേഷ് പിഷാരടിയുടെ പരാമർശം. 'ഒരു സർവീസ് സെക്ടറിൽ ഫ്രീലാൻസ് ആയി ജോലി ചെയ്യുന്നൊരാളുടെ പ്രതിഫലം അയാൾ തന്നെയാണ് തീരുമാനിക്കുന്നത്. എനിക്കൊരു പ്രീമിയം കാർ വേണം, അത് നിങ്ങൾ എനിക്ക് വില കുറച്ച് തരണം എന്ന് പറഞ്ഞാൽ ഏത് കമ്പനി ആർക്ക് തരും?', എന്നായിരുന്നു രമേശ് പിഷാരടി പറഞ്ഞത്. ഇതിന് മറുപടിയെന്ന നിലയിലാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്.
നിര്‍മാതാക്കളുടെ സംഘടനയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളില്‍ വിശദീകരണം നല്‍കുന്നതിന്‍റെ ഭാഗമായിരുന്നു ലിസ്റ്റിന്റെ പ്രീമിയം കാർ പരാമർശവും. മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണെന്നും പല നിര്‍മാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നുമായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രസ് മീറ്റില്‍ ജി സുരേഷ് കുമാര്‍ പറഞ്ഞത്. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങള്‍ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവര്‍ക്കില്ല എന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.