രേണുക വേണു|
Last Modified ചൊവ്വ, 22 മാര്‍ച്ച് 2022 (09:52 IST)
വര്‍ഷം എത്ര കഴിഞ്ഞാലും മലയാളികള്‍ക്ക് ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. കരിയറിന്റെ തുടക്കകാലത്ത് നിരവധി സുന്ദരിമാരുടെ ഹൃദയങ്ങള്‍ കീഴടക്കിയ നടനായിരുന്നു ചാക്കോച്ചന്‍. എന്നാല്‍, സിനിമയിലെത്തുന്നതിനു മുന്‍പും താന്‍ അങ്ങനെ തന്നെയായിരുന്നെന്നാണ് താരം പറയുന്നത്. കോളേജില്‍ പഠിക്കുന്ന സമയത്തുണ്ടായ രസകരമായ അനുഭവം മാതൃഭൂമി ന്യൂസിന് നല്‍കിയ പഴയൊരു അഭിമുഖത്തില്‍ താരം തുറന്നുപറഞ്ഞിട്ടുണ്ട്. കുട്ടുകാരന്റെ പ്രണയത്തിനായി ഒപ്പം നില്‍ക്കുകയും ഒടുക്കം കൂട്ടുകാരന്‍ പ്രണയിച്ചിരുന്ന പെണ്‍കുട്ടി തന്നെയാണ് പ്രണയിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ചാക്കോച്ചന്‍ വെട്ടിലാകുകയും ചെയ്തു. സിനിമയിലെ പോലെ രസകരമാണ് ചാക്കോച്ചന്റെ ക്യാംപസ് ലൈഫില്‍ സംഭവിച്ച ഈ കാര്യം.
'കോളേജില്‍ അതിസുന്ദരിയായ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. എന്റെ കൂട്ടുകാരന് അവളോട് ഭയങ്കര പ്രേമം. പക്ഷേ, ചമ്മല്‍ കാരണം പ്രണയം അവളോട് നേരിട്ട് പറയാന്‍ മടി. ഒടുവില്‍ അവന്റെ പ്രണയദൂതുമായി ഞാന്‍ അവളെ സമീപിച്ചു.അപ്പോഴാണ് അറിയുന്നത് ആ പെണ്‍കുട്ടിക്ക് പ്രേമം എന്നോടായിരുന്നെന്ന്. ഇതുകേട്ട് കൂട്ടുകാരന്‍ തകര്‍ന്നുപോകേണ്ടെന്ന് കരുതി ഈ വിവരം ഞാന്‍ അവനോട് പറഞ്ഞില്ല. ആ സുന്ദരിയില്‍ നിന്ന് ഇഷ്ടവാക്ക് കേട്ടപ്പോള്‍ ചെറിയൊരു ചാഞ്ചാട്ടമുണ്ടായെങ്കിലും ചങ്ങാതിയെ ചതിക്കുന്നത് ശരിയല്ലെന്ന തോന്നലില്‍ പിന്നീട് ഞാന്‍ ആ ഭാഗത്തേക്ക് പോയില്ല.' കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.