ആദ്യ ദിനം വെറും 45 ലക്ഷം, ഫൈനൽ കളക്ഷൻ 75 കോടി! കിഷ്‌കിന്ധാ കാണ്ഡം ഇനി ഒ.ടി.ടി റിലീസിന്

Kishkindha Kaandam
Kishkindha Kaandam
നിഹാരിക കെ എസ്| Last Modified വ്യാഴം, 31 ഒക്‌ടോബര്‍ 2024 (12:01 IST)
തിയേറ്ററുകളിൽ ഏറെ പ്രശംസ നേടിയ ആസിഫ് അലി ചിത്രം ‘കിഷ്‌കിന്ധാ കാണ്ഡം’ ഇനി ഒ.ടി.ടിയിലേക്ക്. സെപ്റ്റംബർ 12ന് ബിഗ് സ്‌ക്രീനിലെത്തിയ ചിത്രം നവംബർ ഒന്നിന് ആണ് ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് സിനിമ എത്തുന്നത്. ആസിഫ് അലി, വിജയരാഘവൻ, അപർണ ബാലമുരളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഈ വർഷത്തെ ഹിറ്റ് സിനിമകളിൽ ഒന്നാണ്.

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്‌കിന്ധാകാണ്ഡം ഓപ്പണിങ് ദിനത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. ആദ്യ ദിനം 45 ലക്ഷം രൂപയായിരുന്നു ചിത്രത്തിന് ലഭിച്ച കളക്ഷൻ. തുടർന്ന് സിനിമ തിയേറ്ററിൽ കത്തിക്കയറുകയായിരുന്നു. ഇതുവരെ 75.25 കോടി രൂപയാണ് സിനിമ ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്. 12 കോടി രൂപയ്ക്ക് സിനിമയുടെ സാറ്റലൈറ്റ് അവകാശം വിറ്റുപോയതായും റിപ്പോർട്ടുണ്ട്.

‘വിവേകശാലികളായ മൂന്ന് കുരങ്ങന്മാരുടെ കഥ’ എന്ന ടാഗ് ലൈനോടെയാണ് സിനിമ പുറത്തിറങ്ങിയത്. ദിൻജിത്ത് അയ്യത്താൻ ആണ് സൈക്കോളജിക്കൽ ത്രില്ലർ ചിത്രം സംവിധാനം ചെയ്തത്. ദിൻജിത്ത് കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ സംവിധാന മികവ് കാട്ടിയിരുന്നു. ഗുഡ്‍വിൽ എൻറർടെയ്ൻ‍മെൻറ്സിൻറെ ബാനറിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ജോബി ജോർജ് തടത്തിൽ ആണ് സിനിമയുടെ നിർമാതാവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :