നൂറ് കോടിയിലേക്കുള്ള കുതിപ്പ് തുടര്‍ന്ന് കണ്ണൂര്‍ സ്‌ക്വാഡ്; ദുല്‍ഖറിന്റെ കുറുപ്പിനെ മറികടന്നു

27 ദിവസം കൊണ്ട് 81.25 കോടിയാണ് കണ്ണൂര്‍ സ്‌ക്വാഡ് ആഗോള തലത്തില്‍ ബോക്‌സ്ഓഫീസില്‍ നിന്ന് വാരിക്കൂട്ടിയത്

രേണുക വേണു| Last Modified ബുധന്‍, 25 ഒക്‌ടോബര്‍ 2023 (09:53 IST)

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്റെ ഫൈനല്‍ കളക്ഷന്‍ മറികടന്ന് മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്. മലയാളത്തിലെ പണംവാരി ചിത്രങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇപ്പോള്‍ കണ്ണൂര്‍ സ്‌ക്വാഡ്. കുറുപ്പിനെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കണ്ണൂര്‍ സ്‌ക്വാഡ് ഈ നേട്ടം സ്വന്തമാക്കിയത്.

27 ദിവസം കൊണ്ട് 81.25 കോടിയാണ് കണ്ണൂര്‍ സ്‌ക്വാഡ് ആഗോള തലത്തില്‍ ബോക്‌സ്ഓഫീസില്‍ നിന്ന് വാരിക്കൂട്ടിയത്. കേരളത്തില്‍ ഇപ്പോഴും നൂറിലേറെ സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമാകുമോ കണ്ണൂര്‍ സ്‌ക്വാഡ് എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രം 90 കോടി ക്ലബില്‍ ഇടം നേടിയേക്കും.

കേരളത്തിലെ പ്രളയം പ്രമേയമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018' ആണ് മലയാളത്തിലെ പണംവാരി ചിത്രങ്ങളില്‍ ഒന്നാമത്. മോഹന്‍ലാല്‍ ചിത്രങ്ങളായ പുലിമുരുകന്‍, ലൂസിഫര്‍ എന്നിവ രണ്ടും മൂന്നും സ്ഥാനത്താണ്. ഈ മൂന്ന് ചിത്രങ്ങളും 100 കോടി കളക്ട് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം നാലാമതും ആന്റണി പെപ്പെ, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ആര്‍ഡിഎക്‌സ് അഞ്ചാമതുമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :