അമല്‍ ജീവിതത്തിലേക്ക് കടന്നുവന്നത് ആദ്യ വിവാഹബന്ധം തകര്‍ന്നു നില്‍ക്കുന്ന സമയത്ത്; ജ്യോതിര്‍മയിയുടെ ജീവിതം ഇങ്ങനെ

2004 സെപ്റ്റംബര്‍ ആറിന് നിഷാന്ത് കുമാറിനെയാണ് ജ്യോതിര്‍മയി ആദ്യം വിവാഹം കഴിച്ചത്

രേണുക വേണു| Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (15:30 IST)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് ജ്യോതിര്‍മയി. സംവിധായകനും ഛായാഗ്രഹകനുമായ അമല്‍ നീരദാണ് ജ്യോതിര്‍മയിയുടെ ജീവിതപങ്കാളി. ജ്യോതിര്‍മയിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

2004 സെപ്റ്റംബര്‍ ആറിന് നിഷാന്ത് കുമാറിനെയാണ് ജ്യോതിര്‍മയി ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധം ഏഴ് വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളൂ. നിഷാന്തുമായി ഒത്തുപോകാന്‍ സാധിക്കാതെ വന്നതോടെ ഈ ബന്ധം പിരിയുകയായിരുന്നു. കോടതിയില്‍ ഇരുവരും ഒന്നിച്ചാണ് വിവാഹമോചനത്തിനായി ഹര്‍ജി നല്‍കിയത്. എറണാകുളം കുടുംബ കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചു.



ആദ്യ വിവാഹമോചനത്തിനു ശേഷമാണ് ജ്യോതിര്‍മയി അമലുമായി അടുക്കുന്നത്. താനും അമലുമായുള്ള ബന്ധത്തെ കുറിച്ചും അമല്‍ തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും ജ്യോതിര്‍മയി മനസ് തുറന്നു. പണ്ട് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമല്‍ നീരദും താനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ജ്യോതിര്‍മയി മനസ് തുറന്നിരിക്കുന്നത്.

'പതുക്കെ വളര്‍ന്ന് വന്ന ഗാഢമായ ഒരു സൗഹൃദമാണ് അമലിന് എനിക്കും ഇടയിലുണ്ടായിരുന്നത്. ഒരു പ്രണയ നിമിഷം എന്നത് ഓര്‍ത്തെടുത്ത് പറയാന്‍ സാധിക്കില്ല. സൗഹൃദം ഗാഢമായപ്പോഴാണ് എന്തുകൊണ്ട് ഞങ്ങള്‍ക്ക് ഒരു ജീവിതം ഒരുമിച്ച് ആരംഭിച്ച് കൂടാ എന്ന ചിന്ത വരുന്നത്. അമല്‍ റിസര്‍വ്ഡ് ആണ്. അമലുമായി എനിക്ക് ഐഡന്റിഫൈ ചെയ്യാന്‍ പറ്റിയിട്ടുണ്ട്. പല കാര്യങ്ങളിലും ഇഷ്ടങ്ങള്‍ തന്നെ ഒന്നാണ്,' ജ്യോതിര്‍മയി പറയുന്നു.

അമലിനെ ജീവിതപങ്കാളിയാക്കാന്‍ പോകുന്നുവെന്ന് അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയ്ക്ക് തന്നെ കുറിച്ച് ഓര്‍ത്ത് വലിയ സന്തോഷമായിരുന്നുവെന്ന് ജ്യോതിര്‍മയി പറയുന്നു. കരഞ്ഞ് വിളിച്ച് നടന്നിരുന്നില്ല എങ്കിലും പലപ്പോഴായി നേരിടേണ്ടി വന്ന പ്രതിസന്ധികളാല്‍ മാനസികമായി തകര്‍ന്നിരുന്നുവെന്നും ചില സമയത്ത് ചില ചിന്തകള്‍ വല്ലാതെ അലട്ടുമ്പോള്‍ ഒരുപാട് പിന്തുണ തന്ന നല്ല സുഹൃത്തായിരുന്നു അമലെന്നും ജ്യോതിര്‍മയി പറഞ്ഞു. അമലിനോടൊപ്പമുള്ള ജീവിതം വളരെ ആസ്വദിക്കാന്‍ സാധിക്കുന്നുണ്ടെന്നും ഒരു തണല്‍ മരത്തിന് കീഴില്‍ ഇരിക്കുന്നപോലെയാണ് അനുഭവപ്പെടാറുള്ളതെന്നും ജ്യോതിര്‍മയി പറഞ്ഞു.

തങ്ങളുടെ വിവാഹം വലിയ ആഘോഷമാക്കേണ്ട എന്നായിരുന്നു തീരുമാനം. രജിസ്ട്രാറെ വീട്ടിലേക്ക് വിളിച്ചു. വളരെ ലളിതമായി വീട്ടില്‍വച്ച് തന്നെ രജിസ്റ്റര്‍ മാര്യേജ് നടന്നു. അമല്‍ ഒരിക്കലും തന്നെ വിട്ടുപോകില്ലെന്ന വിശ്വാസമാണ് മുന്നോട്ടു നയിക്കുന്നതെന്നും ജ്യോതിര്‍മയി കൂട്ടിച്ചേര്‍ത്തു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :