ജീവിതാനുഭവങ്ങള്‍ തേടിയുള്ള ഭ്രാന്തമായ യാത്ര, അങ്ങനെ മുംബൈയിലെ റെഡ് സ്ട്രീറ്റിലും എത്തി; വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ സംഭവത്തെ കുറിച്ച് ജോണ്‍ പോള്‍

രേണുക വേണു| Last Modified ശനി, 23 ഏപ്രില്‍ 2022 (15:54 IST)

മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് അന്തരിച്ച ജോണ്‍ പോള്‍. ജീവിതാനുഭവങ്ങളായിരുന്നു ജോണ്‍ പോള്‍ തന്റെ തിരക്കഥയില്‍ ആവാഹിച്ചത്. അത്തരം ജീവിതാനുഭവങ്ങള്‍ക്ക് വേണ്ടി ഭ്രാന്തമായ രീതിയിലെല്ലാം താന്‍ നടന്നിട്ടുണ്ടെന്നും ജോണ്‍ പോള്‍ പലപ്പോഴായി തുറന്നുപറഞ്ഞിട്ടുണ്ട്.

മുംബൈയില്‍ താമസിക്കുന്ന സമയത്ത് താന്‍ റെഡ് സ്ട്രീറ്റില്‍ പോയ സംഭവം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജോണ്‍ പോള്‍ വെളിപ്പെടുത്തിയിരുന്നു. പണം കൊടുത്ത് ഒരു ഗോവന്‍ യുവതിയുടെ മുറിയിലേക്കാണ് താന്‍ കയറിയതെന്നും അവിടെ കണ്ട കാഴ്ചകള്‍ ഉള്ളുലയ്ക്കുന്നതായിരുന്നെന്നും ജോണ്‍ പോള്‍ പറയുന്നു.

' ജീവിതാനുഭവങ്ങള്‍ തേടി ഭ്രാന്തമായ യാത്ര നടത്തിയിരുന്ന കാലമുണ്ടായിരുന്നു. മുംബൈയില്‍ താമസിക്കുന്ന സമയത്ത് റെഡ് സ്ട്രീറ്റില്‍ പോയി. അതിനകത്ത് നടക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് അറിയാന്‍. പറഞ്ഞ് കേള്‍ക്കുന്നതിനേക്കാള്‍ ദാരുണമാണ് അവിടെ അവസ്ഥ. ഒരു ഗോവന്‍ യുവതിയുടെ മുറിയിലേക്കാണ് ഞാന്‍ പണം കൊടുത്ത് കയറിയത്. അവരുടെ മുറിയില്‍ ചെല്ലുമ്പോള്‍ മൂന്ന് മെഴുകുതിരി ഉരുകി ഒലിച്ചതിന്റെ പാടുകള്‍ തറയിലുണ്ട്. അത് എന്താണെന്ന് ഞാന്‍ ചോദിച്ചു. സാര്‍ പോയി കഴിഞ്ഞാല്‍ ഞാന്‍ വീണ്ടും മെഴുകുതിരി കത്തിച്ചിരിക്കുമെന്ന് അവള്‍ പറഞ്ഞു. കാറ്റത്ത് മുറിയില്‍ തൂക്കിയ കലണ്ടര്‍ പാറിയപ്പോള്‍ ഒരു മാതാവിന്റെ ചിത്രം. അതിനുള്ളില്‍ സുന്ദരിയായ ഒരു ടീനേജ് പെണ്‍കുട്ടിയുടെ പടമുണ്ട്. ആരാണെന്ന് ഞാന്‍ ചോദിച്ചു. മകളാണ്, മംഗലാപുരത്ത് പഠിക്കുകയാണെന്ന് പറഞ്ഞു. പിന്നെ അധികം നേരം അവിടെ ഇരുന്നില്ല. ഞാന്‍ ഇറങ്ങിപ്പോന്നു,' ജോണ്‍ പോള്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :