രേണുക വേണു|
Last Modified വ്യാഴം, 11 ഓഗസ്റ്റ് 2022 (18:57 IST)
Jayaram and Parvathy: താനും ജയറാമും തമ്മിലുള്ള പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നെന്ന് നടി പാര്‍വതി ജയറാം. പാര്‍വതിയുടെ അമ്മയായിരുന്നു ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നത്.
ജയറാമിനൊപ്പം അഭിനയിക്കാനുള്ള ഒരുപാട് അവസരങ്ങള്‍ അമ്മയുടെ നിര്‍ബന്ധം കാരണം വേണ്ടെന്നുവച്ചിട്ടുണ്ട്. തനിക്കാണെങ്കില്‍ ജയറാമിനൊപ്പം അഭിനയിക്കുന്നതായിരുന്നു അക്കാലത്ത് ഏറെ ഇഷ്ടപ്പെട്ട കാര്യം. ഇതുംപറഞ്ഞത് അമ്മയോട് തര്‍ക്കിച്ചിരുന്നെന്നും പാര്‍വതി പറയുന്നു.
ജയറാം-പാര്‍വതി ബന്ധത്തെ തുടക്കം മുതല്‍ പാര്‍വതിയുടെ അമ്മ എതിര്‍ത്തിരുന്നു. അക്കാലത്ത് ജയറാമിനേക്കാള്‍ വലിയ താരമായിരുന്നു പാര്‍വതി. ഇതാണ് പ്രണയബന്ധത്തെ എതിര്‍ക്കാനുള്ള ആദ്യ കാരണം. പിന്നെ സിനിമയില്‍ നിന്ന് ഒരു പങ്കാളി മകള്‍ക്ക് വേണ്ട എന്നും പാര്‍വതിയുടെ അമ്മ ആഗ്രഹിച്ചിരുന്നു. ഒടുവില്‍ പാര്‍വതിയുടെ വാശിക്ക് വീട്ടുകാര്‍ വഴങ്ങുകയായിരുന്നു.
സിനിമ സെറ്റുകളില്‍ ആര്‍ക്കും തങ്ങളുടെ പ്രണയത്തെ കുറിച്ച് അറിയില്ലെന്നാണ് പാര്‍വതി ആദ്യം കരുതിയിരുന്നത്. എന്നാല്‍ പല സെറ്റുകളിലും നടന്‍മാരും നടിമാരും തന്നെയും ജയറാമിനേയും കളിയാക്കാന്‍ തുടങ്ങി. കിരീടം സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ വരെ കളിയാക്കിയിട്ടുണ്ടെന്നും ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.