Jayaram - Parvathy Love Story: ജയറാമുമായുള്ള ബന്ധം പാര്‍വതിയുടെ കുടുംബത്തിനു താല്‍പര്യമില്ലായിരുന്നു; അന്ന് സഹായിച്ചത് ഉര്‍വശി

ജയറാം - പാര്‍വതി പ്രണയം ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുള്ളതാണ്

രേണുക വേണു| Last Modified ചൊവ്വ, 10 ഡിസം‌ബര്‍ 2024 (11:30 IST)

- Parvathy Love Story: മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് ജയറാമും പാര്‍വതിയും. സിനിമയിലെ സൗഹൃദമാണ് ഇരുവരെയും അടുപ്പിച്ചത്. ജയറാമിനേക്കാള്‍ മുന്‍പ് സിനിമയിലെത്തുകയും താരമാകുകയും ചെയ്ത നടിയാണ് പാര്‍വതി. തുടക്കകാലത്ത് പാര്‍വതിക്ക് ഏറെ ആരാധകരുണ്ടായിരുന്നു. വിവാഹത്തിനു ശേഷം പാര്‍വതി സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു.

ജയറാം - പാര്‍വതി പ്രണയം ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുള്ളതാണ്. ഇതേ കുറിച്ച് നടി ഉര്‍വശി ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഇരുവരുടെയും പ്രണയത്തിനു നടുവില്‍ താനൊരു ഹംസത്തെ പോലെ നിന്ന അനുഭവവും ഉര്‍വശി വിവരിക്കുന്നു.



പാര്‍വതിയുടെ കുടുംബം ജയറാമുമായുള്ള ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു. പാര്‍വതിയുടെ അമ്മയ്ക്കായിരുന്നു കൂടുതല്‍ എതിര്‍പ്പ്. മേലില്‍ ജയറാമിനോട് സംസാരിക്കരുതെന്ന് പാര്‍വതിയെ ഒരിക്കല്‍ അമ്മ താക്കീത് ചെയ്തിട്ടുണ്ട്. മകള്‍ ഇനി ജയറാമിന്റെ നായികയായി അഭിനയിക്കരുതെന്നും പാര്‍വതിയുടെ അമ്മ ഒരിക്കല്‍ തീരുമാനിച്ചിരുന്നു. ഈ സമയത്തെല്ലാം പാര്‍വതിക്കും ജയറാമിനും രക്ഷകയായത് ഉര്‍വശിയാണ്.

വേണു നാഗവള്ളിയുടെ സ്വാഗതം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. ജയറാമിനൊപ്പം പാര്‍വതിയും ഉര്‍വശിയും അഭിനയിക്കുന്നുണ്ട്. ഷൂട്ടിങ്ങിനിടെ ജയറാമിനോട് സംസാരിക്കാന്‍ പോകരുതെന്ന് പാര്‍വതിയെ അമ്മ വിലക്കി. പാര്‍വതിയോട് സംസാരിക്കാതിരിക്കാന്‍ ജയറാമിന് കഴിയില്ലായിരുന്നു. ജയറാം ഉര്‍വശിയുടെ സഹായം തേടി. ഷൂട്ടിങ് എല്ലാം കഴിഞ്ഞ് ജയറാം ഉര്‍വശിയുടെ മുറിയിലേക്ക് പോകും. അവിടെ വച്ച് ഉര്‍വശിയുടെ റൂമിലെ ഫോണില്‍ നിന്ന് ജയറാം പാര്‍വതിയെ വിളിക്കും. പാര്‍വതിയുടെ അമ്മയ്ക്ക് സംശയം തോന്നുകയും ഇല്ല. മിക്ക ദിവസങ്ങളിലും ഉര്‍വശിയുടെ റൂമില്‍ ജയറാം എത്തിയിരുന്നു. ഇതിനിടെ ഒരു ദിവസം പാര്‍വതിയുടെ അമ്മ ഈ കള്ളക്കളി പിടിച്ചു. ജയറാം ഫോണിലൂടെ സംസാരിച്ചപ്പോള്‍ അപ്പുറത്തെ സൈഡില്‍ പാര്‍വതിയുടെ അമ്മയായിരുന്നു. പാര്‍വതി ആണെന്ന് കരുതിയാണ് ജയറാം സംസാരിച്ചിരുന്നത്. അന്ന് പാര്‍വതിക്ക് അമ്മയില്‍ നിന്ന് കുറേ ചീത്ത കേള്‍ക്കേണ്ടി വന്നെന്നും ഉര്‍വശി ഓര്‍ക്കുന്നു.

ജയറാം സിനിമയില്‍ അത്രയ്ക്കൊന്നും ശ്രദ്ധിക്കപ്പെടാത്ത സമയമായിരുന്നു അത്. പാര്‍വതിയാകട്ടെ അക്കാലത്ത് വളരെ താരമൂല്യമുള്ള നടിയും. ഈ കാരണം കൊണ്ടാണ് പാര്‍വതിയുടെ അമ്മ ജയറാമുമായുള്ള ബന്ധത്തെ എതിര്‍ത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :