'അങ്ങനെ ചെയ്തില്ലെങ്കില്‍ സിനിമ തുടങ്ങിയ ഉടന്‍തന്നെ തീര്‍ന്നേനെ'; സെറ്റിലെ ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുളള നിഖില വിമലിന്റെ മറുപടി ഇതാണ് !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 ഓഗസ്റ്റ് 2024 (07:59 IST)
പൃഥ്വിരാജ്-ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത ഗുരുവായൂര്‍ അമ്പലനടയില്‍ വന്‍ വിജയമായി മാറിയിരുന്നു. ചിത്രത്തില്‍ അഭിനയിച്ച നിഖില വിമലിനെ നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു.ഒരു എക്‌സ്പ്രഷന്‍ ആണ് സിനിമയില്‍ ഉടനീളം നല്‍കിയതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ക്രിട്ടിസിസം. ഇപ്പോഴിതാ അതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് നടി.

'എനിക്ക് ആ സിനിമ വളരെ ചലഞ്ചിങ് ആയിരുന്നു കാരണം ഞാന്‍ ഒരുപാട് സംസാരിക്കുന്ന ആളാണ്. കൂട്ടുകാരുടെ ഇടയിലാണെങ്കിലും സെറ്റില്‍ ആണെങ്കിലും ഒത്തിരി സംസാരിക്കുന്ന ആളാണ് ഞാന്‍. സെറ്റില്‍ ഞാന്‍ സംസാരിക്കുമ്പോള്‍ 'സംസാരിച്ചോളൂ, ഇപ്പോഴല്ലേ സംസാരിക്കാന്‍ പറ്റുള്ളൂ ആക്ഷന്‍ പറഞ്ഞാല്‍ പിന്നെ സംസാരിക്കാന്‍ പറ്റില്ലല്ലോ', എന്നാണ് പറയാറുള്ളത്. സ്‌ക്രിപ്റ്റ് തരുമ്പോള്‍ ഇതില്‍ അങ്ങനെ ഒന്നുമില്ല റിയാക്ഷന്‍ മാത്രം കൊടുത്താല്‍ മതിയാകും എന്നാണ് പറയുക. ഈ ഭാഗത്ത് ഞാന്‍ ഏത് റിയാക്ഷന്‍ കൊടുക്കണം എന്ന് ചോദിച്ചാല്‍ എപ്പോഴും 'റെഗുലര്‍' എന്നാണ് മറുപടി. എന്നാല്‍ എന്താണ് 'റെഗുലര്‍' എന്ന് ചോദിച്ചാല്‍ 'റെഗുലര്‍' എന്ന് തന്നെ എന്നും പറയും.

എനിക്ക് പലപ്പോഴും സിനിമ പിന്നീട് കാണുമ്പോള്‍ ഞാന്‍ ഇങ്ങനെയാണോ ചെയ്തത് എന്ന് ചിന്ത വരും. ഈ ഭാഗത്ത് ഞാന്‍ ഇത് ചെയ്യാന്‍ പാടില്ലല്ലോ എന്നൊക്കെ തോന്നും. എനിക്ക് ഗുരുവായൂര്‍ അമ്പലനടയില്‍ ചെയ്തപ്പോള്‍ നിറയെ ക്രിട്ടിസിസം കേള്‍ക്കേണ്ടിവന്നിരുന്നു. ആ സിനിമയില്‍ വേറെ എക്‌സ്പ്രഷന്‍ ഒന്നും കൊടുക്കാതെ ഒരു എക്‌സ്പ്രഷന്‍ ആണ് കൊടുത്തതെന്ന് പലരും പറഞ്ഞു. എന്നാല്‍ ആ സംവിധായകനെ അതായിരുന്നു വേണ്ടത്. അങ്ങനെ വേണമെന്ന് പറഞ്ഞത് കൊണ്ടാണ് ഞാന്‍ അത്തരത്തില്‍ അഭിനയിച്ചത്. ഞാന്‍ എപ്പോഴും അവരോട് പറയുന്ന ഒരു കാര്യമുണ്ട്. ഞാന്‍ ഒരു വാക്ക് പറഞ്ഞാല്‍ ഈ സിനിമ തീര്‍ന്നു പോകും. ഞാന്‍ സംസാരിക്കാത്തത് കൊണ്ടാണ് നിങ്ങള്‍ ക്ലൈമാക്‌സ് വരെ കൊണ്ടുപോയത് എന്ന് പറയും.

ക്ലൈമാക്‌സ് സീന്‍ 21 ദിവസമാണ് ഷൂട്ട് ചെയ്തത്. എന്നോട് അതില്‍ എനിക്ക് നാല് ദിവസം മാത്രമേയുള്ളൂ എന്ന് പറയും. ആ സമയത്ത് ഞാന്‍ ഉടനെ മറുപടി കൊടുക്കും. ഞാന്‍ ഒന്നും പറയാത്തത് കൊണ്ടാണ് 21 ദിവസം ഒക്കെ നിങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. അല്ലെങ്കില്‍ സിനിമ തുടങ്ങിയ ഉടന്‍തന്നെ തീര്‍ന്നേനെ. പക്ഷേ ഡയലോഗ് അധികമില്ലാതെ അഭിനയിക്കുന്നത് എനിക്ക് കുറച്ച് ചലഞ്ചിങ് തന്നെ ആയിരുന്നു.',- നിഖില വിമല്‍ പറയുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :