നിഹാരിക കെ എസ്|
Last Modified തിങ്കള്‍, 9 ഡിസംബര്‍ 2024 (10:12 IST)
ഒറ്റയ്ക്ക് വഴിവെട്ടിവന്നവൻ എന്ന ടാഗ് തമിഴിൽ യോജിക്കുക നടൻ ശിവകാർത്തികേയനാണ്. സിനിമാ പാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തിൽ നിന്നുമാണ് ശിവ തന്റെ കരിയർ ആരംഭിച്ചത്. ഇന്ന് തമിഴിലെ തന്നെ മികച്ച സൂപ്പർതാരമായ മാറിയിരിക്കുകയാണ് ശിവ. അമരന്റെ വിജയത്തിന് ശേഷം വിജയ്ക്ക് ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ശിവ എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ ഭാര്യ വളരെ സിംപിൾ ആണ്.
അദ്ദേഹത്തിൻ്റെ ഭാര്യ ആരതിയെക്കുറിച്ച് അധികമാർക്കും അറിയില്ല. ഏതൊരു പുരുഷൻ്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉള്ളതുപോലെ ശിവകാർത്തികേയൻ്റെ വിജയത്തിന് പിന്നിൽ ഭാര്യ ആരതിക്കും കൃത്യമായ പങ്കുണ്ട്. തനിക്ക് കിട്ടുന്ന പുകഴ്ത്തലുകളും അംഗീകാരങ്ങളും തന്റെ ഭാര്യയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് ശിവ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ശിവകാർത്തികേയൻ്റെ സ്വന്തം അമ്മാവന്റെ മകളാണ് ആരതി.
ശിവകാർത്തികേയൻ്റെ പിതാവ് ജി. ദോസ് ശിവ ചെറുതായിരുന്നപ്പോൾ തന്നെ മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ശിവകാർത്തികേയന്റെ കുടുംബത്തിന് താങ്ങും തണലും അമ്മാവനായിരുന്നു. ആ സ്നേഹവും കരുതലും കാരണമാണ് അമ്മാവന്റെ മകളെ തന്നെ ശിവകാർത്തികേയൻ ജീവിത പങ്കാളിയാക്കിയത്. ആരതിയെ വിവാഹം കഴിച്ചതിന് ശേഷമാണ് ശിവകാർത്തികേയൻ്റെ കരിയർ കുതിച്ചുയർന്നത്.
സൂപ്പർതാരത്തിന്റെ ഭാര്യയെന്ന ആഢംബരമോ പൊങ്ങച്ചമോ ഒന്നും തന്നെ ആരതിക്കില്ല. നാട്ടിൻപുറത്തുകാരിയായ... നിഷ്കളങ്കയായ വീട്ടമ്മയും ഭാര്യയുമാണ് ആരതി. പൊതുവേദികളിൽ എസ്കെയ്ക്ക് ഒപ്പം എത്താറുണ്ടെങ്കിലും എല്ലാത്തിൽ നിന്നും വിട്ടൊഴിഞ്ഞ് സൈലന്റായി ഭർത്താവിന്റെ വിജയങ്ങൾ ദൂരെ നിന്ന് ആസ്വദിക്കുന്ന ഭാര്യയാണ് എപ്പോഴും ആരതി. പൊതുവേദികളിൽ അധികം സംസാരിക്കുന്ന പ്രകൃതക്കാരിയല്ലെങ്കിലും അടുപ്പം തോന്നിയാൽ ശിവകാർത്തികേയനെക്കാൾ മനോഹരമായി ആരതി സംസാരിക്കും.