അജയ് ഗോവിന്ദ്|
Last Modified തിങ്കള്‍, 20 നവംബര്‍ 2017 (12:31 IST)
ഗൌതം വാസുദേവ് മേനോന്‍ തമിഴ് ചിത്രങ്ങള്‍ ചെയ്യുന്ന സംവിധായകനാണെങ്കിലും അദ്ദേഹത്തിന് ആരാധകര്‍ കൂടുതല്‍ മലയാളത്തിലാണെന്ന് തോന്നാറുണ്ട്. അദ്ദേഹത്തിന്‍റെ സിനിമകള്‍ കൂടുതലായി ആസ്വദിക്കുന്നത് മലയാളികളാണ്. അത് വാരണം ആയിരം ആയാലും കാക്ക കാക്ക ആയാലും വേട്ടൈയാട് വിളൈയാട് ആയാലും വിണ്ണൈത്താണ്ടി വരുവായാ ആയാലും.
മലയാളത്തില്‍ ഒരു സിനിമ ചെയ്യണമെന്ന് ഗൌതം മേനോനും വളരെ ആഗ്രഹമുണ്ട്. മോഹന്‍ലാലുമായി ഒരു സിനിമ ചെയ്യണമെന്ന് ഏറെക്കാലമായി അദ്ദേഹം ആഗ്രഹിക്കുന്നു. പൃഥ്വിരാജ്, ഫഹദ് ഫാസില്‍, നിവിന്‍ പോളി തുടങ്ങിയവരുമായി അദ്ദേഹം നിരന്തരം ബന്ധപ്പെട്ടുവരുന്നു.
ഏറെ ആകാംക്ഷയുണര്‍ത്തുന്നതും മോഹന്‍ലാല്‍ ആരാധകരെ ത്രസിപ്പിക്കുന്നതുമായ ഒരു വാര്‍ത്തയുണ്ട്. ഗൌതം മേനോന്‍ ദിവസങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തി. ഒരു കഥ ചര്‍ച്ച ചെയ്യുകയും ചെയ്തു.
വളരെ ത്രില്ലിംഗായ ഒരു ആക്ഷന്‍ സിനിമയുടെ കഥയാണ് മോഹന്‍ലാലിനോട് ഗൌതം മേനോന്‍ പറഞ്ഞതെന്നാണ് സൂചന. ചെയ്യുമ്പോള്‍ അടിപൊളിയായി ചെയ്യണം എന്നതിനാല്‍ കുറച്ച് സമയമെടുത്താലും കുഴപ്പമില്ലെന്ന തീരുമാനം ഇരുവര്‍ക്കുമുണ്ട്. ഈ കഥ എങ്ങനെ ഒരു മോഹന്‍ലാല്‍ സിനിമയായി മാറും എന്ന് കാത്തിരിക്കാം.
എന്തായാലും, മോഹന്‍ലാലിനെ നായകനാക്കി ഒരു പൊലീസ് സ്റ്റോറിക്കാണ് ഗൌതം മേനോന്‍ ശ്രമിക്കുന്നതെന്നാണ് വിവരം. വേട്ടൈയാട് വിളൈയാട് ശൈലിയില്‍ ഒരു മോഹന്‍ലാല്‍ ചിത്രം. എങ്ങനെയുണ്ട്, സൂപ്പറല്ലേ?