രേണുക വേണു|
Last Modified തിങ്കള്‍, 4 നവംബര്‍ 2024 (11:58 IST)
ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്ക് ചിത്രം 'ലക്കി ഭാസ്‌കര്‍' ബോക്‌സ്ഓഫീസില്‍ 50 കോടിയിലേക്ക്. ഇന്ത്യയില്‍ നിന്ന് 30 കോടിയാണ് ചിത്രം ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്. ഇതുവരെയുള്ള ഓവര്‍സീസ് കളക്ഷനും ഇന്നത്തെ ഇന്ത്യന്‍ കളക്ഷനും കൂടി ചേര്‍ന്നാല്‍ ലക്കി ഭാസ്‌കര്‍ 50 കോടി ക്ലബില്‍ പ്രവേശിക്കും. തെലുങ്കില്‍ മാത്രമല്ല തമിഴിലും മലയാളത്തിലും സൂപ്പര്‍ഹിറ്റായിരിക്കുകയാണ് വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ദുല്‍ഖര്‍ ചിത്രം.
റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്നലെ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ലക്കി ഭാസ്‌കര്‍ കളക്ട് ചെയ്തത് എട്ട് കോടിയാണ്. റിലീസ് ദിനത്തില്‍ 6.45 കോടിയായിരുന്നു കളക്ഷന്‍. രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ 6.55 കോടിയായും മൂന്നാം ദിനത്തില്‍ 7.5 കോടിയായും കളക്ഷന്‍ ഉയര്‍ന്നു. നാലാം ദിനമായ ഞായറാഴ്ച എട്ട് കോടി കളക്ട് ചെയ്തതോടെ ഇതുവരെയുള്ള ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 30 കോടിയിലേക്ക് അടുത്തു. വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസില്‍ ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 39.9 കോടി ചിത്രം കളക്ട് ചെയ്തിരുന്നു. ദുല്‍ഖറിന്റെ വിജയ ചിത്രമായ സീതാരാമത്തിന്റെ ആദ്യ വാരാന്ത്യ കളക്ഷന്‍ ലക്കി ഭാസ്‌കര്‍ മറികടന്നു.
തെലുങ്കിലാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ അതിശയകരമായ കുതിപ്പ് തുടരുന്നത്. മൗത്ത് പബ്ലിസിറ്റിക്കൊപ്പം സോഷ്യല്‍ മീഡിയയിലെ മികച്ച പ്രതികരണങ്ങള്‍ കൂടിയാകുമ്പോള്‍ തെലുങ്ക് പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടനും താരവുമായി മാറുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തെലുങ്കില്‍ അമ്പത് ശതമാനത്തില്‍ അധികമാണ് ഒക്യുപ്പെന്‍സി. മലയാളത്തിലും തമിഴിലും മികച്ച പ്രതികരണം ലഭിക്കുന്നതാണ് ചിത്രത്തിന്റെ ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ കുതിക്കാന്‍ കാരണം.