നിഹാരിക കെ എസ്|
Last Modified ശനി, 2 നവംബര്‍ 2024 (10:45 IST)
ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ പിറന്നാൾ ആണിന്ന്. 59 വയസ് പൂർത്തിയായിരിക്കുകയാണ് താരത്തിന്. സിനിമകളുടെ വിജയപരാജയങ്ങൾക്കപ്പുറം ആണ് അദ്ദേഹത്തിനോട് ആരാധകർക്കുള്ള സ്നേഹം. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം നാല് വർഷം അദ്ദേഹം സിനിമയിൽ നിന്നും മാറി നിന്നു. പഠാൻ എന്ന സിനിമയിലൂടെ തിരിച്ചെത്തിയപ്പോൾ ലഭിച്ച സ്വീകാര്യത സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ്.
1991 ലാണ് ഷാരൂഖും ഗൗരിയും വിവാഹിതരായത്. രണ്ട് മതസ്ഥരാണ് ഇവർ. മതം ഇവരുടെ പ്രണയത്തിന് തടസ്സമായില്ല. ഒന്നിലേറെ തവണ പ്രൊപ്പോസ് ചെയ്ത ശേഷമാണ് ഗൗരി തന്റെ പ്രണയം സ്വീകരിച്ചതെന്ന് മുൻപ് ഷാരൂഖ് തന്നെ വെളിപ്പെടുത്തിയിയിട്ടുണ്ട്. കരിയറിന്റെ തുടക്ക സമയത്തായിരുന്നു ഷാരൂഖ്-ഗൗരി വിവാഹം. എന്നാൽ, ഷാരൂഖിന്റെ വിവാഹത്തെ പ്രൊഡ്യൂസർമാർ എതിർത്തിരുന്നു. അന്ന് വളർന്ന് വരുന്ന താരമാണ് ഷാരൂഖ്. ഈ സമയത്ത് വിവാഹം ചെയ്യുന്നത് കരിയറിനെ ബാധിക്കുമെന്ന് നിർമാതാക്കൾ ഉപദേശിച്ചു.
ബാച്ചിലറായ ഹീറോയ്ക്ക് ഒരുപാട് ആരാധകരുണ്ടാകുമെന്നും നിർമാതാക്കൾ പറഞ്ഞു. എന്നാൽ വിവാഹത്തിൽ നിന്നും ഷാരൂഖ് പിന്മാറിയില്ല. ഷാരൂഖിന് ഭാര്യയോടുള്ള സ്നേഹത്തെക്കുറിച്ച് പ്രൊഡ്യൂസർ വിവേക് വശ്വനി മുമ്പൊരിക്കൽ സംസാരിച്ചിട്ടുണ്ട്. ഓക്സിജനില്ലാതെ ഷാരൂഖ് കഴിഞ്ഞേക്കും. എന്നാൽ ഗൗരിയില്ലാതെ നടന് പറ്റില്ലെന്ന് ഈ നിർമാതാവ് പറഞ്ഞു. 59ം പിറന്നാളിനോട് അനുബന്ധിച്ച് ഷാരൂഖിന്റെ വീടായ മന്നത്തിൽ വലിയ പാർട്ടി ഒരുങ്ങുന്നുണ്ട്.