Dominic And The Ladies Purse: 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' എന്തുകൊണ്ട് തിയറ്ററില്‍ തന്നെ കാണണം? അഞ്ച് കാരണങ്ങള്‍

തമിഴില്‍ വലിയ ചര്‍ച്ചയായ 'തുപ്പറിവാളന്‍' പോലെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സിനിമയായിരിക്കും 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സ്' എന്നാണ് വിവരം

Dominic and the ladies Purse, Mammootty, Dominic and the ladies Purse review, Dominic and The Ladies Purse Malayalam Review, Dominic and the ladies purse must watch reasons
രേണുക വേണു| Last Modified വ്യാഴം, 16 ജനുവരി 2025 (11:16 IST)
Dominic and The Ladies Purse

Dominic And The Ladies Purse: മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സ്' തിയറ്ററുകളിലെത്തുകയാണ്. ജനുവരി 23 നാണ് സിനിമ വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയായതിനാല്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ സിനിമ തിയറ്ററില്‍ തന്നെ കാണണമെന്ന് പറയാനുള്ള അഞ്ച് കാരണങ്ങള്‍ നോക്കാം:

1. പുതുമയുള്ള കഥ, സിനോപ്‌സിസ് ഇങ്ങനെ

തമിഴില്‍ വലിയ ചര്‍ച്ചയായ 'തുപ്പറിവാളന്‍' പോലെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സിനിമയായിരിക്കും 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സ്' എന്നാണ് വിവരം. ചെറിയ കേസില്‍ നിന്ന് തുടങ്ങി പിന്നീട് സീരിയല്‍ കില്ലിങ്ങിലേക്ക് നീങ്ങുന്ന ഉദ്വേഗമാണ് തിയറ്ററുകളില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നതെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സിനോപ്സിസും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

മമ്മൂട്ടി അവതരിപ്പിക്കുന്ന ഡൊമിനിക് എന്ന കഥാപാത്രം ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്. മുന്‍പ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍. പ്രൈവറ്റ് ഡിറ്റക്ടീവ് എന്ന നിലയില്‍ ചെറിയ മോഷണക്കേസുകള്‍ മുതല്‍ വലിയ തട്ടിപ്പുകള്‍ വരെ ഡൊമിനിക്കിന്റെ അന്വേഷണ പരിധിയില്‍ വരും. അതിനിടയില്‍ ഒരു ലേഡീസ് പേഴ്‌സുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്ക് ഡൊമിനിക് എത്തുന്നതും പിന്നീടുണ്ടാകുന്ന കാര്യങ്ങളുമാണ് സിനിമയില്‍. കളഞ്ഞു കിട്ടുന്ന ലേഡീസ് പേഴ്‌സിനു ഉടമ ആരാണെന്ന് അന്വേഷിക്കുക മാത്രമായിരുന്നു ഡൊമിനിക്കിന്റെ ജോലി. രസകരമായ രീതിയിലാണ് ഈ അന്വേഷണത്തിന്റെ ആദ്യഘട്ടം പോകുന്നതും. എന്നാല്‍ പിന്നീട് ഈ പേഴ്‌സിനെ ചുറ്റിപ്പറ്റി ഒട്ടേറെ ദുരൂഹതകള്‍ ഉണ്ടാകുന്നു. ഈ ദുരൂഹതകള്‍ നീക്കാനുള്ള ഡൊമിനിക്കിന്റെ അന്വേഷണമാണ് സിനിമയുടെ പ്രധാന പ്രമേയം.

2. മമ്മൂട്ടി കമ്പനി

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ആറാമത്തെ സിനിമയാണ് 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്'. ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിലെ ഏറ്റവും മികച്ച പ്രൊഡക്ഷന്‍ കമ്പനിയായി മാറാന്‍ മമ്മൂട്ടി കമ്പനിക്കു സാധിച്ചിട്ടുണ്ട്. ബോക്‌സ്ഓഫീസ് വിജയം മാത്രമല്ല കഥയിലെ പുതുമ കൊണ്ടും മമ്മൂട്ടി കമ്പനിയുടെ സിനിമകള്‍ ശ്രദ്ധിക്കപ്പെടുന്നു. മമ്മൂട്ടി കമ്പനിയുടെ സിനിമകള്‍ മിനിമം ഗ്യാരണ്ടി ആയിരിക്കുമെന്നാണ് പ്രേക്ഷകരുടെ വിശ്വാസം. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ്, ടര്‍ബോ എന്നീ ഹിറ്റ് സിനിമകളുടെ കൂട്ടത്തിലേക്ക് ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സും കയറുമോ എന്ന് ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.


3. പുതുമകള്‍ തേടുന്ന മമ്മൂട്ടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ കൊണ്ട് മലയാളത്തിനു പുറത്തും ശ്രദ്ധിക്കപ്പെടുകയാണ് മമ്മൂട്ടി. അഭിനയ പ്രാധാന്യമുള്ള അല്‍പ്പമെങ്കിലും ചലഞ്ചിങ് ആയ കഥാപാത്രങ്ങളെയാണ് സമീപകാലത്ത് മമ്മൂട്ടി അവതരിപ്പിച്ചിട്ടുള്ളത്. ഡൊമിനിക് എന്ന കഥാപാത്രവും അത്തരത്തിലുള്ളതാകുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു.

4. ഗൗതം വാസുദേവ് മേനോന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ മലയാളത്തില്‍ ആദ്യമായി ഒരുക്കുന്ന സിനിമയായതിനാല്‍ 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' മലയാളത്തിനു പുറത്തും ചര്‍ച്ചയാകുന്നു. വളരെ ആത്മവിശ്വാസത്തോടെയാണ് ഈ സിനിമയെ കുറിച്ച് ഗൗതം വാസുദേവ് മേനോന്‍ എല്ലാ അഭിമുഖങ്ങളിലും സംസാരിക്കുന്നത്. ഡൊമിനിക് എന്ന കഥാപാത്രം മമ്മൂട്ടി തന്നെ ചെയ്യണമെന്ന് ഗൗതം വാസുദേവ് മേനോന്‍ നിര്‍ബന്ധം പിടിച്ചതിന്റെ പിന്നിലെ രഹസ്യം അറിയാന്‍ പ്രേക്ഷകരും കാത്തിരിക്കുകയാണ്.

5. അണിയറയിലും 'മിനിമം ഗ്യാരണ്ടി' പേരുകള്‍

തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ദര്‍ബുക ശിവ ആണ് ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. എന്നൈ നോക്കി പായും തോട്ട, റോക്കി, മുതല്‍ നീ മുടിവും നീ എന്നീ സിനിമകളിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാരദന്‍, ധ്രുവനച്ചത്തിരം എന്നീ സിനിമകള്‍ക്കു ശേഷം വിഷ്ണു ആര്‍ ദേവ് ക്യാമറ ചലിപ്പിക്കുന്ന ചിത്രമാണ് ഡൊമിനിക്. ഗൗതം വാസുദേവ് മേനോനൊപ്പം ഡോ.നീരജ് രാജന്‍, ഡോ.സൂരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ബ്രിന്ദ മാസ്റ്റര്‍ ആണ് കൊറിയോഗ്രഫി. സുപ്രീം സുന്ദര്‍, കലൈ കിങ്‌സണ്‍ എന്നിവര്‍ ചേര്‍ന്ന് സംഘട്ടനം നിര്‍വഹിച്ചിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷ്, സുഷ്മിത ബട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു, മീനാക്ഷി എന്നിവര്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :